ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യമേഖലയിലേക്ക് വിസ മാറ്റുന്നതിനുള്ള അപേക്ഷകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.എം) സ്വീകരിച്ചു തുടങ്ങി.
ജൂലൈ 14 മുതൽ രണ്ടു മാസമാണ് അപേക്ഷകൾ നൽകാനുള്ള സമയപരിധി. ഗാർഹിക തൊഴിലാളികൾക്ക് അവരുടെ റസിഡൻസി സ്വകാര്യ മേഖലയിലെ വർക്ക് െറസിഡൻസിയിലേക്ക് മാറ്റാമെന്ന് മാൻപവർ അതോറിറ്റി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അപേക്ഷകൻ ഒരു വർഷമെങ്കിലും കുവൈത്തിൽ താമസിച്ചുവെന്ന് തെളിയിക്കുന്ന രേഖ, ഗാർഹിക തൊഴിലാളിയുടെ സ്പോൺസർ താമസസ്ഥലം കൈമാറാൻ സമ്മതിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചതിനു ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്മെന്റിന്റെ അംഗീകാരം, തൊഴിലുടമയുടെ വ്യക്തിപരമായ ഹാജർ എന്നീ വ്യവസ്ഥകളോടെയായിരിക്കും അപേക്ഷകളിൽ നടപടിയെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഒരേ തൊഴിലുടമയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്തവർക്കാണ് വിസ മാറ്റത്തിന് അനുമതി. ഇതിനായി 50 ദീനാർ ഫീസ് ഈടാക്കും. കരാർ പുതുക്കുന്നതിനായി എല്ലാ വർഷവും 10 ദീനാറും ഇത്തരക്കാരിൽ നിന്ന് ഈടാക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനം കൈക്കൊണ്ടത്.
പുതിയ തീരുമാനം മലയാളികള്‍ അടക്കമുള്ള ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസകരമാണ്. രാജ്യത്തെ തൊഴിൽ വിപണിയുടെ വർധിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനം.
അപേക്ഷ നൽകൽ
അപേക്ഷയോടൊപ്പം വിസ മാറ്റി നല്കുന്ന കമ്പനിയുടെ വിവരങ്ങള്‍ അടങ്ങിയ രേഖ, നിലവിലെ സ്പോൺസറുടെ സിവില്‍ ഐ.ഡി,
അപേക്ഷകന്റെ പാസ്പ്പോര്‍ട്ട്, സിവിൽ ഐഡി എന്നിവ വേണം
തയാറാക്കിയ അപേക്ഷയുമായി സ്പോൺസറുടെ കൂടെ ജവാസാത്തിൽ എത്തി അപേക്ഷ സമര്‍പ്പിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
തുടര്‍ന്ന് അവിടെ നിന്നും ലഭിക്കുന്ന രേഖ, തൊഴില്‍ വിസ അടിക്കാന്‍ സന്നദ്ധമായ കമ്പനിയില്‍ സമര്‍പ്പിക്കുക.