കുവൈത്തിൽ സെൻട്രൽ ജയിലിലെ തടവുകാർക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള കുടുംബഭവന പദ്ധതി വരുന്നു. ദീർഘ കാലത്തേക്ക് ശിക്ഷിക്കപെട്ട തടവുകാർക്ക് കുടുംബത്തോടൊപ്പം സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കുന്നതിനുള്ള സൗകര്യം അനുവദിക്കുന്നതാണ് ഈ പദ്ധതി.
പദ്ധതി നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രാലയം ജയിൽ വിഭാഗം ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ ജനറൽ ഫഹദ് അൽ-ഉബൈദ് വ്യക്തമാക്കി. നാഷണൽ ഓഫീസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്, ബിൽഡിംഗ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സെൻട്രൽ ജയിലിനകത്ത് പദ്ധതി നടപ്പിലാക്കുന്നത്.
സെൻട്രൽ ജയിലിലും വനിതാ ജയിലിലും കഴിയുന്ന തടവുകാർക്ക് വേണ്ടി ആരംഭിച്ച വിദ്യാഭ്യാസ പദ്ധതിയുടെ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ സന്ദർശനത്തിന് ഇടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.