ബയോമെട്രിക്: സ്വദേശികൾക്ക് അനുവദിച്ച സമയപരിധി അവസാനിച്ചു: ഇനി പ്രവാസികളുടെ ഊഴം
ബയോമെട്രിക് രജിസ്ട്രേഷന് സ്വദേശികൾക്ക് അനുവദിച്ച സമയപരിധി അവസാനിച്ചതോടെ പൂര്‍ത്തിയാക്കാത്തവർക്കെതിരെ നടപടികൾക്കൊരുങ്ങി അധികൃതർ. സ്വദേശികൾക്ക് ബയോമെട്രിക് പൂര്‍ത്തിയാക്കാനുള്ള അവസാന ദിവസം സെപ്റ്റംബർ 30 ആയിരുന്നു.
ഇതിനു പിറകെയാണ് നടപടികൾ പൂർത്തിയാക്കാത്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ. ഇതുസംബന്ധമായ നിര്‍ദേശം ബന്ധപ്പെട്ടവർ നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇനിയും 59,841 സ്വദേശികൾ ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉണ്ടെന്നാണ് റിപ്പോർട്ട്. നവംബർ ഒന്നു മുതല്‍ വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ എല്ലാ ബാങ്കിങ് ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയുന്നു. തുടക്കത്തില്‍ ഇലക്ട്രോണിക് പേമെന്റുകള്‍, പണം കൈമാറ്റം എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെക്കും. തുടര്‍ന്ന് ബാങ്ക്, വിസ, മാസ്റ്റർ കാർഡുകൾ പിന്‍വലിക്കും. നിക്ഷേപവും മരവിപ്പിക്കും.
അതിനിടെ, ഷോപ്പിങ് മാളുകളിലെ ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകൾ ഒക്ടോബർ ഒന്നിന് പ്രവർത്തനം അവസാനിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക കേന്ദ്രങ്ങളിൽ ഇനി സൗകര്യം തുടരും. പ്രവാസികൾക്ക് ഡിസംബർ 31 ആണ് ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനുള്ള അവസാന തീയതി. പ്രവാസികളിൽ ഏകദേശം 790,000 പേർ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാനും രജിസ്ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കാനും അധികൃതർ ഉണർത്തി.
Comments (0)