Air india express; ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് 30 കിലോ ചെക്ക് ഇൻ ബാഗേജ് അനുവദിച്ചു. ബുധനാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിലായി. 30 കിലോ ചെക്ക് ഇൻ ബാഗേജ് പ്രത്യേകം രണ്ട് ബാഗുകളായി മാത്രമേ കടത്തിവിടൂ എന്നും അറിയിപ്പിലുണ്ട്. 30 കിലോയ്ക്ക് മുകളിലുള്ള ചെക്ക് ഇൻ ബാഗേജിന് പണം നൽകേണ്ടി വരും, മുൻപ് 20 കിലോ ചെക്ക് ഇൻ ബാഗേജായിരുന്നു ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് അനുവദിച്ചിരുന്നത്.
നേരത്തെ ബഡ്ജറ്റ് എയർലൈനായ എയർ അറേബ്യ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിന്റെ ഭാരം ഏഴ് കിലോയിൽ നിന്ന് 10 കിലോയാക്കി ഉയർത്തിയിരുന്നു. കൈവശം ആകെ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിന്റെ ഭാരമാണ് 10 കിലോ. കാരി ഓൺ ബാഗുകൾ, വ്യക്തിഗത സാധനങ്ങൾ, ഡ്യൂട്ടി ഫ്രീ പർച്ചേസുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഈ ഭാരപരിധിയിൽ പെടുന്ന രണ്ടുബാഗുകൾ യാത്രക്കാർക്ക് കൈവശംവയ്ക്കാം. ഹാൻഡിലുകൾ, പോക്കറ്റുകൾ, ചക്രങ്ങൾ എന്നിവയടക്കം 55സെ.മി X 40സെ.മി X 20സെ.മി എന്നതാണ് കാരിഓൺ ബാഗിന്റെ പരമാവധി വലിപ്പം. വ്യക്തിഗത സാധനങ്ങളടങ്ങുന്ന രണ്ടാമത്തെ ബാഗിന്റെ വലിപ്പം 25സെ.മി X 33സെ.മിX 20സെ.മി ആകണം. യാത്രക്കാരുടെ സീറ്റിന് മുമ്പിൽ വെക്കാവുന്ന രീതിയിലുള്ള ബാഗ് ആകണം. അതേസമയം കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് 3 കിലോ അധികമായി കൊണ്ടുപോകാമെന്നും എയർലൈൻ വ്യക്തമാക്കി. യു.എ.ഇയിലെ മറ്റ് വിമാന കമ്പനികളായ എമിറേറ്റ്സ്, ഫ്ളൈ ദുബായ്, ഇത്തിഹാദ് എന്നിവയിൽ ഹാൻഡ് ബാഗേജ് പരിധി 7 കിലോയാണ്.