flight viral post; ഫ്ലൈറ്റിലെ ക്രൂ അംഗങ്ങളുടെ മോശം പെരുമാറ്റത്തിൽ ശകാരിച്ച് പോസ്റ്റിട്ട യാത്രക്കാരനോട് ക്ഷമ ചോദിച്ച് ഇൻഡിഗോ എയർലൈൻസ്. ആറ് മണിക്കൂറോളം വൈകിയ ഫ്ലൈറ്റിലെ യാത്രക്കാരനോട് ക്രൂ അംഗങ്ങൾ മോശമായി പെരുമാറിയതിനെ തുടർന്നാണ് റിതം ഭട്ടാചാർജി എന്ന യാത്രക്കാരൻ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റിട്ടത്.
യാത്രക്കാരന്റെ ദുരനുഭവത്തിൽ ഇൻഡിഗോയ്ക്കെതിരെ വലിയ വിമർശനമുയർന്നു. ഇതിന് പിന്നാലെയാണ് ഇൻഡിഗോ എയർലൈൻ അധികൃതർ ഖേദം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരിക്കുന്നത്. ജീവനക്കാരിൽ നിന്നും യാത്രക്കാരോട് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ അല്ല തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും, യാത്രക്കാരനുണ്ടായ ദുരനുഭവത്തിൽ ക്ഷമ ചോദിക്കുന്നതായും ഇൻഡിഗോയുടെ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
ജനുവരി 6ന് കൊൽക്കത്തയിൽനിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു ഇൻഡിഗോ എയർലൈൻസിലാണ് സംഭവം. സർവ്വീസ് ആറ് മണിക്കൂറോളം വൈകിയതോടെ യാത്രക്കാർ ഫ്ലൈറ്റിനുള്ളിൽ അകപ്പെടുകയായിരുന്നു. എന്നാ ഇത്ര സമയം വിമാനത്തിനുള്ളിൽ ഇരിക്കേണ്ടി വന്നിട്ടും വെറും ചിപ്സും കുക്കീസും മാത്രമാണ് യാത്രക്കാർക്ക് നൽകിയതെന്നായിരുന്നു ഭട്ടാചാർജിയുടെ ആരോപണം.
ഈകാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ക്രൂ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണത്തിലും മോശം പെരുമാറ്റത്തിലും അതൃപ്തി അറിയിച്ചാണ് യാത്രക്കാരൻ പോസ്റ്റിട്ടത്. ഇതോടെയാണ് വിഷയം പുറത്തറിഞ്ഞത്.
കുറഞ്ഞ ചിലവിൽ യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസൃതം സേവനങ്ങൾ നൽകുന്ന എയർലൈനാണ് ഇൻഡിഗോ. എന്നാൽ ഇപ്പോൾ യാത്ര ചിലവ് കുറക്കുന്നതിനൊപ്പം യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളും നിലവാരം കുറഞ്ഞതായി പോകുന്നുവെന്നും ക്രൂ അംഗങ്ങൾക്ക് യാത്രക്കാരോട് സഹകരിക്കാൻ വേണ്ടത്ര പരിശീലനം നൽകണമെന്നും ഭട്ടാചാർജി പോസ്റ്റിൽ പറഞ്ഞു.