“pravasi welfare board ;തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എംബി ഗീതാലക്ഷ്മി അറിയിച്ചു. മൊബൈല്‍ നമ്പര്‍ ജനുവരി 31ന് അകം അപ്ഡേറ്റ് ചെയ്യണമെന്നാണ് അറിയിപ്പ്. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് നല്കുന്ന വിവരങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും രജിസ്റ്റര്‍ ചെയ്ത സമയത്ത് അംഗങ്ങള്‍ നല്കിയ മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ മറുപടി ലഭിക്കാത്ത സാഹചര്യവും കണക്കിലെടുത്താണ് മൊബൈല്‍ ഫോണ്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ആദ്യകാലങ്ങളില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കാതെ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് www.pravasikerala.org എന്ന വെബ്സൈറ്റില്‍ കയറി ‘നിലവിലുള്ള അംഗങ്ങളുടെ രജിസ്ട്രേഷന്’ എന്ന ലിങ്കിലൂടെ പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. അംഗത്വ രജിസ്ട്രേഷന് സമയത്ത് നല്കിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറിയിട്ടുള്ളവര്‍ വെബ്സൈറ്റിലൂടെ സ്വന്തം പ്രൊഫൈലില്‍ കയറി ‘മൊബൈല്‍ നമ്പര്‍ അപ്ഡേഷന്’ എന്നതില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനു സാധിക്കാതെ വരുന്നവര്‍ info@keralapravasi.org എന്ന മെയിലില്‍ അപേക്ഷ നല്‍കണമെന്നും സിഇഒ അറിയിച്ചു.