Ministry of education;അബൂദബി: സ്കൂളിൽ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പോഷകസമ്പുഷ്ടമായതും ആരോഗ്യകരവുമായ ഭക്ഷണമായിരിക്കണം നല്‍കേണ്ടതെന്ന് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്(അഡെക്). ഭക്ഷണസേവനം നല്‍കുന്നതിന് സ്കൂളുകള്‍ ലൈസന്‍സ് കരസ്ഥമാക്കുകയും പരിശോധനാ റെക്കോഡുകളും നോട്ടീസുകളും സൂക്ഷിക്കുകയും വേണമെന്നും അഡെക് നിര്‍ദേശിച്ചു.
• മറ്റ് കുട്ടികള്‍ക്ക് പ്രശ്നമുണ്ടാക്കുന്നത് പോലെയുള്ളവ ഒഴികെയുള്ള, സ്വീകാര്യമായ ഭക്ഷണമാണ് കുട്ടികള്‍ കഴിക്കുന്നതെന്ന് ഉറപ്പുവരുത്തണം.
•വ്രതമൊഴികെയുള്ള ദിവസങ്ങളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കണം.
•ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ഥികളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ജാഗ്രത പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ അഡെക്ക് പുതിയ നയപ്രകാരം സ്കൂളുകള്‍ക്ക് നല്‍കുന്നുണ്ട്.
പരിപാടികള്‍ നടക്കുമ്പോള്‍ മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പന്നിയിറച്ചി, അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് സ്കൂളുകള്‍ ഉറപ്പാക്കണം. കുട്ടികളില്‍ അമിതവണ്ണത്തിനടക്കം കാരണമാവുന്ന ഭക്ഷണരീതികള്‍ ഉപേക്ഷിക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും അഡെക് നിര്‍ദേശിക്കുന്നു. തലബാത്, ഡെലിവെറൂ തുടങ്ങിയ ഭക്ഷ്യവിതരണക്കമ്പനികളുടെ സേവനങ്ങളും സ്കൂളുകളില്‍ അനുവദനീയമില്ല. കുട്ടികള്‍ക്ക് ഭക്ഷണ അലര്ജികളുണ്ടെങ്കില് ഇക്കാര്യം സ്കൂളുകള്‍ രേഖയായി സൂക്ഷിക്കുകയും സ്കൂള്‍ കാന്റീനില്‍ ഇവ ലഭ്യമാക്കുകയും വേണം. സ്കൂളുകളില്‍നിന്നു നല്കുന്ന ഭക്ഷണത്തില്‍നിന്ന് എന്തെങ്കിലും അലര്‍ജി ഉണ്ടാവുന്നതാണെങ്കില്‍ അത് പ്രദര്‍ശിപ്പിക്കുന്ന ലേബലുകളുണ്ടായിരിക്കണം. അലര്‍ജിക്കുള്ള മരുന്നുകളും സ്കൂളുകളില്‍ കരുതിയിരിക്കണമെന്നും അഡെക് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.