Massive project in uae;അബുദാബി: യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായ് – അബുദാബി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ കോറിഡോറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. യുഎഇയുടെ ദേശീയ റെയില്‍ കമ്പനിയായ എത്തിഹാദ് റെയില്‍, വികസനത്തിന്റെ ആദ്യ ഘട്ടമായിട്ടാണ് പദ്ധതി. ഇരു നഗരങ്ങളേയും ബന്ധിപ്പിക്കുന്ന റെയില്‍ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2025 മേയ് മാസത്തില്‍ തന്നെ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
അതിവേഗ റെയില്‍ പാതയുടെ സിവില്‍ വര്‍ക്കുകളും സ്റ്റേഷന് പാക്കേജുകളും രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള ടെന്‍ഡറുകള്‍ നല്‍കിക്കഴിഞ്ഞു. രണ്ട് പ്രധാന നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം കുറയ്ക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിരവധി പ്രവാസികളാണ് ഈ രണ്ട് നഗരങ്ങള്‍ കേന്ദ്രീകരിച്ച് തൊഴില്‍ ചെയ്യുന്നത്. അല്‍ ജദ്ദാഫിലെയും യാസ് ദ്വീപിലെയും നിര്‍ദ്ദിഷ്ട സ്റ്റേഷനുകള്‍ക്കിടയിലുള്ള യാത്രയ്ക്ക് 30 മിനിറ്റ് സമയം മാത്രമേ വേണ്ടിവരൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിവേഗ റെയില്‍പാതയുടെ ഭാഗമായി മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിനുകള്‍ ഓടിക്കുക. 150 കിലോമീറ്റര്‍ മെഗാ പദ്ധതിക്ക് അല്‍-സാഹിയ, സാദിയാത്ത് ദ്വീപ്, അബുദാബി എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലായി മൂന്ന് സ്റ്റേഷനുകള്‍ കൂടി ഉണ്ടാകും. നാല് ഘട്ടങ്ങളിലായിട്ടാണ് പദ്ധതിയുടെ നിര്‍മ്മാണം നടക്കുക. 2030-ഓടെ അബുദാബി-ദുബായ് പാത പ്രവര്‍ത്തനക്ഷമമാക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. മറ്റ് എമിറേറ്റുകളിലേക്കുള്ള ലിങ്കുകള്‍ പിന്നീട് ചേര്‍ക്കുന്നതിനാണ് ആലോചിക്കുന്നത്.