Dubai Rent; ദുബായ്: അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 128 ബില്യൺ ദിർഹം മുടക്കി പുതിയ ടെർമിനൽ പണികഴിപ്പിക്കാൻ പോവുകയാണ്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായി ഇവിടെ മാറും. ദുബായുടെ ദക്ഷിണ മേഖല പ്രദേശത്തെ വിമാനത്താവളത്തിന് വളർച്ചയുണ്ടാവുന്നതോടെ ഡിമാൻഡ് ഏറിയ പ്രദേശമായി ഇവിടെ മാറും. വിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം, ഡിമാൻഡ് ഏറിയ ആദ്യ അഞ്ച് പ്രദേശങ്ങളിലൊന്നായി ദുബായ് ദക്ഷിണ മേഖല മാറിയിരിക്കുകയാണ്.
പ്രദേശത്ത് ലക്ഷക്കണക്കിന് ജനങ്ങൾ താമസിക്കാൻ ആഗ്രഹിക്കുന്ന പ്രദേശമാണിതെന്ന് ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. റിയൽ എസ്റ്റേറ്റ് പോർട്ടലായ പ്രോപ്പർട്ടി ഫൈൻഡറിൽ നിന്നുള്ള വിവരപ്രകാരം, പ്രദേശത്തെ സ്ഥല വിപണി മൂന്നിരട്ടി വേഗത്തിലാണെന്നാണ്. സ്ഥലത്തോടുള്ള വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ഇത് കാണിക്കുന്നത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റുമെന്ന ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചതോടെ പ്രോപ്പർട്ടി ഫൈൻഡർ പ്ലാറ്റ്ഫോമിൽ ഈ പ്രദേശത്തുള്ള പ്രോപ്പർട്ടികൾക്കായി തെരയുന്നവരുടെ എണ്ണം ഒമ്പതിൽ നിന്ന് 16 ശതമാനമായി വർദ്ധിച്ചുവെന്നാണ് കമ്പനിയുടെ ചീഫ് റവന്യു ഓഫീസർ ഷെരീഫ് സ്ലൈമൻ പറഞ്ഞത്.
മറ്റ് പല പോർട്ടലുകളിലും ഈ പ്രദേശത്ത് സ്ഥലങ്ങൾ വാങ്ങാൻ നോക്കുന്നവരുടെ എണ്ണം 15 ശതമാനത്തോളം വർദ്ധിച്ചിരിക്കുകയാണ്. താങ്ങാവുന്ന വില, അൽ മുക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള സൗകര്യപ്രദമായ സ്ഥാനം, വർദ്ധിച്ചുവരുന്ന വികസന സാദ്ധ്യതകൾ എന്നിവ കാരണമാണ് ഈ പ്രദേശത്തിന് ആവശ്യക്കാരേറുന്നത്. താമസിക്കാൻ വളരെ അനുയോജ്യമായ സ്ഥലം കൂടിയാണിത്.