Air india express: പ്രവാസികള്‍ ഹാപ്പി!!!ലഗേജിന്‍റെ ഭാരം കൂടിയാൽ ഇനിയൊരു പ്രശ്നമാകില്ല; കുറഞ്ഞ ടിക്കറ്റ് നിരക്കും;വമ്പൻ പ്രഖ്യാപനവുമായി എയർലൈൻ

Air india express; ദുബായ്: ഗള്‍ഫിൽ നിന്ന് നാട്ടിലേക്കോ, അല്ലെങ്കിൽ നാട്ടിൽ നിന്ന് തിരിച്ച് പോകുമ്പോഴോ ലഗേജിന്‍റെ ഭാരം കൂടുതലായാൽ അത് വലിയ പ്രതിസന്ധി ആയി മാറാറുണ്ട്. അധികമായി പണമടച്ച് ചെക്ക് ഇന്‍ ബഗേജ് കൂടുതല്‍ കൊണ്ടു പോകാന്‍ തയ്യാറാകുന്നവര്‍ കുറവാണ്. സാധാരണ എല്ലാവരും അത്ര അത്യാവശ്യമല്ലെന്ന് തോന്നുന്ന വസ്തുക്കള്‍ ലഗേജിൽ നിന്ന് ഒഴിവാക്കും. ഇത് ചില സമയത്ത് വലിയ വിഷമമായി മാറാറുമുണ്ട്. എന്നാൽ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ പ്രഖ്യാപനത്തോടെ ഈ പ്രശ്നം ഒരു പരിധി വരെ അവസാനിക്കുകയാണ്.ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ ലോകത്തിന്‍റെ വിവിധ മേഖലകളിലേക്കുള്ള യാത്രക്കാര്‍ക്ക് അനുവദിച്ച സൗജന്യ ചെക്ക് ഇന്‍ ബഗേജ് പരിധി 30 കിലോഗ്രാം ആയി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം എയര്‍ലൈന്‍ അധികൃതര്‍ നടത്തിയത്. യുഎഇ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസകരമായി മാറിയിരിക്കുകയാണ് ഈ പ്രഖ്യാപനം

യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുമായി ഇന്ത്യയിൽ നിന്നും അവിടങ്ങളിൽ നിന്ന് തിരിച്ചും നിരവധി വിമാന സര്‍വ്വീസുകള്‍ നടത്തുന്ന എയര്‍ലൈന്‍ കമ്പനിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. 30 കിലോ ചെക്ക് ഇൻ ബഗേജിന് പുറമേ, 7 കിലോഗ്രാം കാബിന്‍ ബഗേജും എയര്‍ ഇന്ത്യ എക്സ്പ്രസ് അനുവദിക്കും. കാബിന്‍ ബഗേജായി രണ്ട് ബാഗുകള്‍ വരെ കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് സാധിക്കും. ഇത് കൂടാതെ, ചെറിയ ബാഗോ, ലാപ്ടോപ് ബാഗോ യാത്രക്കാരുടെ കൈവശം സൂക്ഷിക്കാനും കമ്പനി അവസരമൊരുക്കുന്നുണ്ട്.

ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് 10 കിലോഗ്രാം അധിക ചെക്ക്-ഇന്‍ ബഗേജും യാത്രാവേളയിൽ കൊണ്ടുപോകാന്‍ കഴിയും. ഇതോടെ ഇവര്‍ക്ക് ആകെ കൊണ്ടുപോകാന്‍ കഴിയുന്ന ബഗേജിന്‍റെ ഭാരം 47 കിലോഗ്രാം ആയി വര്‍ധിക്കും. 7 കിലോഗ്രാമിന്‍റെ കാബിന്‍ ബഗേജ് ഉള്‍പ്പടെയാണിത്. ഇന്ത്യയിൽ നിന്ന് ഗള്‍ഫിലെത്തുന്നവരുടെ കണക്കെടുത്താല്‍ മുന്‍പന്തിയിലാണ് യുഎഇയുടെ സ്ഥാനം. ഓരോ വര്‍ഷവും ഇന്ത്യക്കും യുഎഇക്കുമിടയിൽ ദശലക്ഷക്കണക്കിന് യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയര്‍ കോറിഡോറുകളിൽ ഒന്നായി ഇത് മാറിയിട്ടുണ്ട്.

അടുത്തിടെ മുംബെെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്തവരുടെ കണക്കെടുത്തപ്പോള്‍ ഒന്നാം സ്ഥാനം ദുബായ്ക്കും മൂന്നാം സ്ഥാനം അബുദാബിക്കുമായിരുന്നു. ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് മുംബെെയിൽ നിന്ന് യാത്ര ചെയ്തവരിൽ 16 ശതമാനവും ദുബായിലേക്കായിരുന്നു. അബുദാബിയിലേക്ക് 7 ശതമാനം പേരും. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കാര്യമെടുത്താൽ ഇന്ത്യക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിൽ ഏകദേശം 450 സര്‍വ്വീസുകളാണ് ആഴ്ച്ചകള്‍ തോറും കമ്പനി ഓപ്പറേറ്റ് ചെയ്യുന്നത്. 19 ഇന്ത്യന്‍ നഗരങ്ങളെ മിഡിൽ ഈസ്റ്റിലെ 13 നഗരങ്ങളുമായി ഈ സേവനങ്ങള്‍ ബന്ധിപ്പിക്കുന്നുണ്ട്.

കമ്പനി 400-ഓളം വിമാനങ്ങളാണ് പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 50-ലധികം സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് വിപുലപ്പെടുത്താനും എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുകയാണ്. ഇതോടൊപ്പം അബുദാബി, ദമാം, മസ്കറ്റ്, റാസ് അൽ ഖൈമ തുടങ്ങിയ ഗള്‍ഫ് നഗരങ്ങളിലേക്ക് സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനും കമ്പനി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഈ പരിശ്രമങ്ങള്‍ക്കിടയിലാണ് ബഗേജിന്‍റെ ഭാരവുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനം കമ്പനി നടത്തിയിരിക്കുന്നത്

ബഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായി താരതമ്യേനെ കുറഞ്ഞ നിരക്കിൽ എക്സ്പ്രസ് ലൈറ്റ് എന്ന സേവനവും കമ്പനി ഒരുക്കുന്നുണ്ട്. ഇവര്‍ക്ക് 3 കിലോഗ്രാം കാബിന്‍ ബഗേജാണ് കൈവശം സൂക്ഷിക്കാന്‍ കഴിയുക. ഈ ടിക്കറ്റ് എടുത്തതിന് ശേഷം പിന്നീട്, ആവശ്യം വന്നാൽ 15 കിലോഗ്രാം, 20 കിലോഗ്രാം എന്നിങ്ങനെ അധിക ചെക്ക് ഇന്‍ ബഗേജ് കുറഞ്ഞ നിരക്കിൽ കൊണ്ടുപോകാനുള്ള അവസരവും ലഭിക്കും. ബിസിനസ് ക്ലാസിന് സമാനമായ എക്സ്പ്രസ് ബിസ് സേവനം ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര വിമാനങ്ങളിൽ 40 കിലോഗ്രാം ബഗേജ് കൊണ്ടുപോകാന്‍ കഴിയും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top