Gold rate in uaeഅബുദാബി: യു എ ഇയില്‍ സ്വര്‍ണവിലയില്‍ ഇന്ന് രേഖപ്പെടുത്തിയത് വലിയ വര്‍ധനവ്. യു എസ് താരിഫ് ആശങ്കകള്‍ കാരണം നിക്ഷേപകര്‍ കൂടുതലായി സുരക്ഷിതമായ സ്വത്തുക്കള്‍ തേടുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വില വര്‍ധനവിന് കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തെ എല്ലാവരും കണക്കാക്കുന്നത്. 2024 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.
24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 2.5 ദിര്‍ഹം വര്‍ധിച്ചതോടെ 338.5 ദിര്‍ഹമായി. 22 കാരറ്റ് സ്വര്‍ണത്തിന് 2.25 ദിര്‍ഹം വര്‍ധിച്ച് 313.5 ദിര്‍ഹത്തിലേക്കും എത്തി. 21 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 2.25 ദിര്‍ഹം വര്‍ധിച്ച് 303.5 ദിര്‍ഹമായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണം 1.75 ദിര്‍ഹം ഉയര്‍ന്ന് 260 ദിര്‍ഹത്തിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോളതലത്തില്‍ സ്പോട്ട് ഗോള്‍ഡ് 0.04 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2795.47 ഡോളറിലെത്തി.
എന്നാല്‍ ഈ മാസം 6 ശതമാനത്തിലധികം വര്‍ധനവാണ് സ്പോട്ട് ഗോള്‍ഡില്‍ രേഖപ്പെടുത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് തന്റെ ഭരണകൂടം 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ബ്രിക്സ് യുഎസ് ഡോളറിന് പകരം വയ്ക്കാന്‍ ശ്രമിച്ചാല്‍ 100 ശതമാനം താരിഫുകള്‍ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിരന്തരമായ വ്യാപാര താരിഫ് ഭീഷണികള്‍ സ്വര്ണവിലയേയും ഡിമാന്‍ഡിനേയും സ്വാധീനിക്കുന്നുണ്ട്. ട്രംപ് ഭരണകൂടം ഏറ്റവും വലിയ വ്യാപാര പങ്കാളികള്‍ക്ക് താരിഫ് ചുമത്തിയാല്‍ സ്വര്‍ണ വിലയില്‍ കൂടുതല്‍ വര്‍ധനവുണ്ടാകും. വിപണിയിലെ ചാഞ്ചാട്ടത്തിനിടയില്‍ വില 2800 ഡോളറിനെ മറികടക്കുമെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബുധനാഴ്ച നടന്ന യോഗത്തില്‍ നയം മാറ്റമില്ലാതെ നിലനിര്‍ത്താന്‍ യുഎസ് സെന്‍ട്രല്‍ ബാങ്ക് തീരുമാനിക്കുകയും പണപ്പെരുപ്പവും തൊഴില്‍ ഡാറ്റയും അനുയോജ്യമാകുന്നതുവരെ വായ്പാ ചെലവ് കുറയ്ക്കില്ലെന്ന് സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്.