big ticket lucky draw:ദുബായ്∙ വർഷങ്ങളായി കൂട്ടുകാരുമൊത്ത് ഭാഗ്യം പരീക്ഷിച്ചിരുന്ന മലയാളി കഴിഞ്ഞ മാസം തനിച്ച് എടുത്ത ടിക്കറ്റിന് കോടികൾ സമ്മാനം. ഖത്തറിൽ ജോലി ചെയ്യുന്ന അജിത് കുമാർ(53) ആണ് ബിഗ് ടിക്കറ്റ് ജനുവരി മില്യനയർ നറുക്കെടുപ്പിൽ രണ്ടര കോടിയോളം രൂപ(10 ലക്ഷം ദിർഹം) സമ്മാനം നേടിയത്. ഈ വിവരം അറിയിച്ചുള്ള ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ ലഭിച്ചപ്പോൾ ആദ്യം അത് വിശ്വസിക്കാനായില്ലെന്ന് അജിത് കുമാർ പറഞ്ഞു.
ഫോൺ കോൾ ലഭിച്ചപ്പോൾ ആദ്യം വിചാരിച്ചത് ആരോ കബളിപ്പിക്കുകയാണെന്നാണ്. ഉടൻ തന്നെ വെബ് സൈറ്റ് സന്ദർശിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് സമാധാനമായത്. കഴിഞ്ഞ 20 വർഷമായി ഖത്തറിൽ അക്കൌണ്ടന്‍റായി ജോലി ചെയ്യുന്ന ഇദ്ദേഹം മക്കളുടെ വിദ്യാഭ്യാസത്തിനാണ് പ്രധാനമായും പണം ചെലവഴിക്കുകയെന്ന് വ്യക്തമാക്കി. മാതാപിതാക്കൾക്ക് പിന്തുണ നൽകാനും പണം ഉപയോഗിക്കും.
കഴിഞ്ഞ കുറേ വർഷങ്ങളായി സഹപ്രവർത്തകരോടൊപ്പമാണ് അജിത് കുമാർ ടിക്കറ്റെടുത്തിരുന്നത്. ഇപ്രാവശ്യം തനിച്ച് ഭാഗ്യപരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.