Flight ticket fare increases;അബൂദബി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് ദുബൈയാണ്. ഫെബ്രുവരി 23-നാണ് മത്സരം. ക്രിക്കറ്റ് ലോകത്തെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടമായാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം വിലയിരുത്തപ്പെടുന്നത്. അതിനാല്‍ മത്സരം കാണാനായി ഇരുരാജ്യങ്ങളിലേയും ആരാധകര്‍ യുഎഇയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.
ഈ സാഹചര്യം മുന്നില്‍ക്കണ്ട് രാജ്യത്തെ വിമാന, ഹോട്ടല്‍ ബുക്കിംഗുകളില്‍ ഇപ്പോൾ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, എന്നീ രാജ്യങ്ങളുടെ ആരാധകരെ കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് പ്രേമികളും യുഎഇയിലേക്ക് എത്തും. ഇതോടെ ബുക്കിംഗുകളില്‍ വലിയ രീതിയിലുള്ള വര്‍ധനവ് ഉണ്ടാകും എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവർ അഭിപ്രായപ്പെടുന്നത്.
വിമാന നിരക്കുകൾ 20 മുതല്‍ 50 ശതമാനം വരെ ഉയരുമെന്നും അവസാന നിമിഷം നിരക്കുകള്‍ ഇരട്ടിയാക്കാൻ സാധ്യതകളേറെയാണെന്നും വ്യവസായ വിദഗ്ധര്‍ പ്രവചിക്കുന്നു. ‘ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കുമുള്ള ഡിമാന്‍ഡ് കുതിച്ചുയരും. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് വേളയില്‍, ആതിഥേയ നഗരമായ അഹമ്മദാബാദില്‍ താമസസൗകര്യം തിരയുന്നതില്‍ 1550 ശതമാനം വര്‍ധനവാണുണ്ടായത്.
ഇതേ അവസ്ഥയാകും ദുബൈയിലും ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്,’ ഈസി മൈ ട്രിപ്പിന്റെ സഹസ്ഥാപകനായ റികാന്ത് പിറ്റീ ഖലീജ് ടൈംസിനോട് പറഞ്ഞു. ബുക്കിംഗുകള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട് എന്നാല്‍ അവസാന രണ്ടാഴ്ചയിലാണ് യഥാര്‍ത്ഥ കുതിപ്പ് സംഭവിക്കുക എന്ന് മുസാഫിര്‍ ഡോട്ട് കോമിന്റെ സിഇഒ രഹീഷ് ബാബു കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ മുംബൈ, ഡല്‍ഹി, ബംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും പാകിസ്ഥാനിലെ കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ നിന്നും മത്സരം കാണാൻ ആരാധകര്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, യുകെ, ഓസ്ട്രേലിയ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ബുക്കിംഗിന് ഡിമാന്‍ഡ് ഉണ്ട്. ഇപ്പോള്‍ തന്നെ ദുബൈയിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ഡെയ്റ, ഡൗണ്‍ടൗണ്‍, ദുബൈ മറീന എന്നിവയ്ക്ക് സമീപമുള്ള ഹോട്ടലുകള്‍ ഉയര്‍ന്ന ഒക്യുപന്‍സി നിരക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബജറ്റ് ഫ്രണ്ട്‌ലി ഹോട്ടലുകള്‍ വേഗത്തില്‍ ബുക്ക് ചെയ്ത് തീരുന്നുണ്ട്. കൂടാതെ, പാം ജുമൈറയിലെയും ഷെയ്ഖ് സായിദ് റോഡിലെയും ആഡംബര ഹോട്ടലുകളിലും പ്രീമിയം ബുക്കിംഗില്‍ വൻ വര്‍ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളില്‍ ഹോട്ടല്‍ നിരക്ക് 25 മുതല്‍ 50 ശതമാനം വരെ ഉയര്‍ന്നിരുന്നു.
യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നതിനാല്‍, എയര്‍ലൈനുകള്‍ അധിക ഫ്‌ലൈറ്റുകള്‍ അവതരിപ്പിക്കുകയോ വലിയ വിമാനങ്ങള്‍ വിന്യസിക്കുകയോ ചെയ്യാൻ സാധ്യതയുണ്ട്. അതേസമയം, ട്രാവല്‍ ഏജന്‍സികള്‍ വിവിധ തരത്തിലുള്ള പാക്കേജുകളും അവതരിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. മുന്‍പ് നടന്ന ടൂര്‍ണമെന്റുകളില്‍ ഇന്ത്യ-ദുബൈ ട്രാവല്‍ പാക്കേജുകള്‍ക്ക് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ താമസം ഉള്‍പ്പെടെ ഏകദേശം 2,500 ഡോളര്‍ (ദിര്‍ഹം 9,175) ആയിരുന്നു നിരക്ക്. ഇത്തവണയും ഇതിന് സമാനമാകും കാര്യങ്ങളെന്നാണ് പ്രതീക്ഷിക്കുന്നത്