അബുദാബി ബിഗ് ടിക്കറ്റിലൂടെ സ്വപ്ന സമ്മാനം നേടി പ്രവാസി മലയാളി. ഖത്തറില്‍ ജോലി ചെയ്യുന്ന മജ്ഞു അജിത കുമാറാണ് ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ പ്രതിവാര ഇ-നറുക്കെടുപ്പിലൂടെ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനം നേടിയത്.
53കാരനായ അജിത കുമാറിന് ആദ്യം സമ്മാനവിവരം വിശ്വസിക്കാനായില്ല. സമ്മാനം നേടിയെന്ന് അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികൾ അജിത് കുമാറിനെ ഫോൺ വിളിച്ചപ്പോൾ ആദ്യം ഏതെങ്കിലും തട്ടിപ്പ് കോൾ ആയിരിക്കുമെന്ന് കരുതി ഇദ്ദേഹം വിശ്വസിച്ചില്ല.
പിന്നീട് ബിഗ് ടിക്കറ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചപ്പോഴാണ് വിവരം ശരിയാണെന്ന് മനസ്സിലായത്. താനൊരു കോടീശ്വരനായെന്ന് അപ്പോഴാണ് അജിത കുമാര്‍ മനസ്സിലാക്കിയത്. ഇപ്പോഴും തനിക്ക് സമ്മാനം ലഭിച്ചെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ 20 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന ഇദ്ദേഹം സീനിയര്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്ത് വരികയാണ്. സമ്മാനത്തുക കൊണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപം നടത്താനും മാതാപിതാക്കളെ സഹായിക്കാനുമാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം.
ഭാഗ്യം പരീക്ഷിച്ചുകൊണ്ടേയിരിക്കുക, എപ്പോഴാണ് നിങ്ങളുടെ സമയം വരികയെന്ന് അറിയില്ല- ഇതാണ് ഇദ്ദേഹത്തിന് മറ്റുള്ളവര്‍ക്കായി നല്‍കാനുള്ള സന്ദേശം. പരസ്യം വഴിയാണ് ഇദ്ദേഹം ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. പിന്നീട് സുഹൃത്തുക്കളുമായി ചേര്‍ന്ന് എല്ലാ മാസവും ടിക്കറ്റ് വാങ്ങാറുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത് തുടരുകയാണ്. എന്നാല്‍ ഇത്തവണ കുമാര്‍ ഒറ്റയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്.