uae law;അബൂദബി: സാധാരണ പൊലിസ് സ്റ്റേഷനില്‍ ഒരു കേസ് ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ അതിനു പിന്നാലെ നടക്കാനേ പരാതിക്കാരനും സമയമുണ്ടാകൂ. ഇതു പിന്നീട് കോടതികളില്‍ എത്തുമ്പോഴുണ്ടാകുന്ന അവസ്ഥയും തഥൈവ. കോടതി കയറിയിറങ്ങി എങ്ങനെയെങ്കിലും ഇതൊന്നു തീര്‍ന്നു കിട്ടിയാല്‍ എന്നാകും മിക്ക പരാതിക്കാരുടെയും അവസ്ഥ.

എന്നാല്‍ നീതിക്കുവേണ്ടി കോടതികളുടെ മുന്നിലെത്തുന്ന പരാതിക്കാരുടെ പരാധീനതകളില്‍ എത്രയും പെട്ടെന്ന് അന്ത്യം കുറിക്കാനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് അബൂദബി ജുഡീഷ്യറി ഡിപ്പാര്‍ട്‌മെന്റ്. സ്മാര്‍ട്ട് ജുഡീഷ്യല്‍ സംവിധാനങ്ങളും കര്‍ശനമായ സമയപരിധികളും മുന്നില്‍ വച്ച് 40 ദിവസത്തിനകം കേസില്‍ നീതി ലഭ്യമാക്കുകയെന്ന കനത്ത വെല്ലുവിളിയെ മറികടക്കാന്‍ തന്നെയാണ് ഡിപ്പാര്‍ട്‌മെന്റ് തീരുമാനം. പദ്ധതി നടപ്പിലാക്കിയാല്‍ അത് മറ്റ് എമിറേറ്റുകള്‍ക്കു കൂടി മാതൃകയാകുമെന്നാണ് കരുതപ്പെടുന്നത്. അബൂദബി ജുഡീഷ്യറിയുടെ ഈ നീക്കത്തെ അഭിഭാഷകര്‍ സ്വാഗതം ചെയ്തു.
അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സമീപവര്‍ഷങ്ങളില്‍ നടപ്പിലാക്കിയ സ്മാര്‍ട്ട് സംവിധാനങ്ങളുടെയും കര്‍ശനടപടിക്രമസമയപരിധികളുടെയും ഫലമായി, നീതി ലഭിക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തിരുന്ന കേസുകള്‍ ഏതാണ്ട് ഇല്ലാതായി എന്നാണ് തലസ്ഥാനത്തെ കോടതികളില്‍ ജോലി ചെയ്യുന്ന അഭിഭാഷകര്‍ പറഞ്ഞുവെക്കുന്നത്.
കഴിഞ്ഞവര്‍ഷത്തോടെ അബൂദബിയിലെ കോടതികളിലെ കേസുകള്‍ പരിഹരിക്കാന്‍ എടുക്കുന്ന സമയം 40 ദിവസവും അപ്പീലുകളില്‍ 34 ദിവസവും ആയി കുറയ്ക്കാന്‍ വകുപ്പിന് കഴിഞ്ഞിരുന്നു.
ജുഡീഷ്യറി വകുപ്പ് അവതരിപ്പിച്ച നൂതന സംവിധാനങ്ങളും സുഗമമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കാന്‍ കഴിവുള്ള നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗവുമാണ് വ്യവഹാര കാലയളവുകള്‍ നാല്പതാക്കി കുറച്ചതെന്ന് എഡിജെഡിയിലെ പ്ലാനിങ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ അബ്ദുല്ല സഹ്‌റാന്‍ പറഞ്ഞു.
സ്മാര്‍ട്ട് ടെക്‌നോളജിയുടെയും കര്‍ശനമായ സമയപരിധികളും കാരണത്താലാണ് ജുഡീഷ്യല്‍ നട്ടപടിക്രമങ്ങളില്‍ ഗണ്യമായ പുരോഗതി ഉണ്ടായതെന്നും ഇത് തങ്ങളുടെ പരാതിക്കാരുടെയും സമയവും പരിശ്രമവും ഗണ്യമായി ലാഭിക്കാന്‍ സഹായിച്ചെന്നും ഒരു അഭിഭാഷകന്‍ പറഞ്ഞുനിര്‍ത്തി.
കോവിഡ് കാലത്ത് വകുപ്പ് കേസുകള്‍ ഡിജിറ്റലൈസ് ചെയ്യുകയും വിവിധ നടപടിക്രമങ്ങള്‍ക്കായി കര്‍ശനമായ സമയപരിധികള്‍ നിശ്ചയിക്കുകയും ചെയ്തതിലൂടെ നീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ ആയെന്നാണ് 1996 മുതല്‍ അബൂദബി കോടതികളില്‍ അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അലി അബ്ബാദി പറഞ്ഞത്.
In abu dhabi, there is no need to go up and down the court after the case anymore