Minbar App For Friday Sermon;വെള്ളിയാഴ്ചത്തെ ജുമുഅ പ്രഭാഷണം മലയാളം ഉൾപ്പെടെ 40 ഭാഷകളിൽ കേൾക്കാം; എങ്ങനെ? മിമ്പര്‍ ആപ്പുമായി ഷാര്‍ജ

Minbar App For Friday Sermon ;ഷാര്‍ജ: അറബിഭാഷ വശമില്ലാത്ത പ്രവാസികള്‍ക്ക് വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണം (ഖുതുബ) മനസ്സിലാവുന്നില്ലെന്ന പരാതി വേണ്ട. ഖതീബ് അഥവാ ഇമാം പള്ളിയില്‍ വച്ച് നടത്തുന്ന പ്രഭാഷണം അപ്പപ്പോള്‍ മലയാളം, ഉര്‍ദു ഉള്‍പ്പെടെ 40 വിദേശഭാഷകളില്‍ കേള്‍ക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ മൊബൈല്‍ ആപ്പുമായി രരംഗത്തെത്തിയിരിക്കുകയാണ് ഷാര്‍ജയിലെ ഇസ്ലാമിക കാര്യ വകുപ്പ്

ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം എന്നാണ് കരുതപ്പെടുന്നത്. മിന്‍ബര്‍ എന്നു പേരിട്ടിരിക്കുന്ന ആപ്പ് വഴി 40 ആഗോള ഭാഷകളില്‍ വെള്ളിയാഴ്ച പ്രഭാഷണത്തിന്റെ തത്സമയ വിവര്‍ത്തനം കേള്‍ക്കുകയും വായിക്കുകയും ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. ഖുതുബ പ്രഭാഷണം നടത്തുന്ന പീഠത്തിന്റെ പേരാണ് മിമ്പര്‍.

ഷാര്‍ജയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായ അല്‍ സെയ്ഫിലെ അല്‍ മഗ്ഫിറ പള്ളിയിലാണ് ഈ സംരംഭം ആരംഭിച്ചത്. ഇവിടുത്തെ ഖത്തീബിന്റെ പ്രസംഗമാണ് തല്‍സമയം മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും സമൂഹത്തിലെ ഏറ്റവും വലിയ വിഭാഗത്തിന് പ്രത്യേകിച്ച് അറബി സംസാരിക്കാത്തവര്‍ക്ക് വെള്ളിയാഴ്ച പ്രഭാഷണത്തിന്റെ സന്ദേശം എത്തിക്കുന്നതിനുമുള്ള വകുപ്പിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതര്‍ അറിയിച്ചു.

മതപരമായ കാര്യങ്ങളില്‍ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് പ്രഭാഷണങ്ങളും മതോപദേശങ്ങളും എത്തിക്കുന്നതിനുമുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഈ നൂതന സംരംഭം. പ്രഭാഷണത്തിന്റെ കൃത്യവും തല്‍ക്ഷണവും വേഗത്തിലുള്ളതുമായ വിവര്‍ത്തനം നല്‍കുക എന്നതാണ് ‘മിന്‍ബര്‍’ ആപ്പ് ലക്ഷ്യമിടുന്നത്. പ്രഭാഷണം നടക്കുമ്പോള്‍ തന്നെ അതിന്റെ ഉള്ളടക്കം വിശ്വാസികളുടെ മാതൃഭാഷയില്‍ ഗ്രഹിക്കാന്‍ അവസരം നല്‍കുകയും അതുവഴി പള്ളികളില്‍ മതപരമായ ധാരണയും സാംസ്‌കാരിക ആശയവിനിമയവും വര്‍ധിപ്പിക്കുകയും ചെയ്യാന്‍ ഇത് ഉപകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

‘ആപ്പ് സ്റ്റോര്‍’, ‘ഗൂഗിള്‍ പ്ലേ’ പ്ലാറ്റ്ഫോമുകളില്‍ സൗജന്യമായി ലഭ്യമായ മിന്‍ബര്‍ ആപ്പ്, മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു എന്നിവയുള്‍പ്പെടെ 40 ഭാഷകളില്‍ ലഭ്യമാവും. പ്രഭാഷണ സമയത്തോ അതിനുശേഷമോ ഉപയോക്താക്കള്‍ക്ക് ഗദ്യരൂപത്തിലോ ശബ്ദ രൂപത്തിലോ വിവര്‍ത്തനങ്ങള്‍ ലഭ്യമാവും. കൂടാതെ പ്രഭാഷണങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ എപ്പോള്‍ വേണമെങ്കിലും വീണ്ടും കേള്‍ക്കാനുമുള്ള സൗകര്യവും ഇത് നല്‍കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രഭാഷണത്തിന്റെ തത്സമയ വിവര്‍ത്തനം ആപ്പില്‍ ലഭ്യമാക്കുക. അത് സമൂഹത്തിലെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഇസ്ലാമിന്റെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ പങ്ക് വഹിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ ഭാഷാ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ വെള്ളിയാഴ്ച പ്രഭാഷണത്തില്‍ നിന്ന് പ്രയോജനം നേടാന്‍ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പെടെയുള്ള അറബി സംസാരിക്കാത്ത പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ മിമ്പര്‍ ആപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top