Indians buying houses in Dubai:അതിവേഗത്തില്‍ കുതിക്കുന്ന ദുബൈ റിയല്‍ എസ്റ്റേറ്റ് വിപണി അനുദിനം നിക്ഷേപകരെ ആകര്‍ഷിക്കുകയാണ്. ആഗോള ബിസിനസ് ഹബ്ബ് എന്ന നിലയില്‍ ഏഷ്യയിലെ തന്നെ വന്‍നഗരങ്ങളേക്കാള്‍ എത്രയോ മുന്നിലാണ് ദുബൈയുടെ സ്ഥാനം. ഫോബ്‌സ് മാസികയിലടക്കം ഇടംപിടിച്ച ശതകോടീശ്വരന്മാരേയും അന്താരാഷ്ട്ര നിക്ഷേപകരേയും ആകര്‍ഷിക്കാന്‍ ദുബൈക്ക് കഴിയുന്നു എന്നതാണ് യുഎഇയിലെ ഈ മഹാനഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
യുഎഇയില്‍ വീടു വാങ്ങുന്ന ഇന്ത്യക്കാരുടെ അനുദിനം വര്‍ധിച്ചു വരികയാണ്. പ്രത്യേകിച്ച്, ദുബൈയില്‍ വീടു വാങ്ങുന്ന വിദേശരാജ്യക്കാരില്‍ ആദ്യ 5 സ്ഥാനങ്ങളില്‍ ഒന്ന് ഇന്ത്യക്കാരാണ്. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രിട്ടീഷ് വ്യവസായികളെ മറികടന്ന് ദുബൈയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരായി ഇന്ത്യക്കാര്‍ മാറിയിട്ടുണ്ട്. ദുബൈയില്‍ വീടു വാങ്ങുന്നത് ശരിയായ തീരുമാനമാണോ? ദുബൈ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങളുടെ ഗുണങ്ങളും ദോശങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മൂലധനനേട്ട നികുതികളും വസ്തു നികുതികളും ഇല്ലാത്തതു തന്നെയാണ് ദുബൈ റിയല്‍ എസ്റ്റേറ്റിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാന ഘടകം. നവീനമായ അടിസ്ഥാന സൗകര്യങ്ങളും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ഒന്ന് എന്ന വിശേഷണവും ജീവിതത്തിനും നിക്ഷേപത്തിനും സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ദുബൈയെ സഹായിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കും കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും എതിരെ സംരക്ഷണം നല്‍കുന്നു എന്നതാണ് യുഎഇയുടെ മറ്റൊരു മേന്മ. യുഎസ് ഡോളറുമായുള്ള യുഎഇ ദിര്‍ഹത്തിന്റെ മൂല്യം കറന്‍സി സ്ഥിരത ഉറപ്പാക്കുന്നുണ്ട് എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്.
ലിബറല്‍ വിസാ നയങ്ങളുടെ സഹായത്തോടെ കുടുംബമായി ഇവിടേക്ക് എത്തുന്നവരും വിരമിച്ച ശേഷം ശിഷ്ടകാലം നയിക്കുന്നവരും ദീര്‍ഘകാല ലക്ഷ്യസ്ഥാനമായി ദുബൈയെ കാണുന്നവരുടെ എണ്ണത്തില്‍ അടുത്ത കാലത്തായി വന്‍ കുചതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. പ്രോപ്പര്‍ട്ടികളുടെ തരവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും അനുസരിച്ച് അഞ്ചു ശതമാനം മുതല്‍ ഒന്‍പതു ശതമാനം വരെ പ്രതിവര്‍ഷ വാടക വരുമാനം ലഭിക്കുന്നുണ്ട് എന്നതാണ് ഇവിടത്തെ മറ്റൊരു പ്രധാനപ്പെട്ട കാര്യം. പ്രവാസികള്‍, വിനോദസഞ്ചാരികള്‍ എന്നിവരുടെ സാന്നിധ്യം മൂലം ഡൗണ്‍ ടൗണ്‍ ദുബൈ, പാം ജുമൈറ, ദുബൈ മറീന തുടങ്ങിയ പ്രധാന ഇടങ്ങളില്‍ വീടുകള്‍ വാങ്ങുന്നവര്‍ക്ക് സ്ഥിരമായ വാടക വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നു. നിഷ്‌ക്രിയ വരുമാനം ലക്ഷ്യമാക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഉചിതമായ നിക്ഷേപമായി ദുബൈ പ്രോപ്പര്‍ട്ടി മാറുന്നത് ഇങ്ങനെയൊക്കെയാണ്.
ദുബൈയും ഇന്ത്യയും ഭൂമിശാസ്ത്രപരമായി അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് ഇന്ത്യക്കാരെ ഇവിടേക്ക് കാര്യമായി ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. ദുബൈയില്‍നിന്ന് മിക്ക മേജര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് എത്തിച്ചേരാന്‍ മുന്നോ നാലോ മണിക്കൂര്‍ വിമാനയാത്ര മാത്രമേ വേണ്ടൂ. വ്യത്യസ്ത സംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദുബൈയിലെ പരിതസ്ഥിതിയും ഇന്ത്യക്കാരെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്. ഇന്ത്യന്‍ ശൈലിയില്‍ തന്നെയുള്ള സ്‌കൂളുകള്‍, ഭക്ഷണശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവ രാജ്യത്തിന് പുറത്തും സംസ്‌കാരത്തോട് ചേര്‍ന്ന് ജീവിക്കാനുള്ള സാഹചര്യം ഇന്ത്യക്കാര്‍ക്ക് ഒരുക്കി നല്‍കുന്നു എന്ന പ്രധാന സവിശേഷതയും ദുബൈക്ക് അവകാശപ്പെടാം.
സ്വത്തും വസ്തുവകകളും സമ്പാദിക്കുന്നതിനപ്പുറം സാമ്പത്തിക സ്ഥിരത, മെച്ചപ്പെട്ട ജീവിതശൈലി എന്നിവയും ഇന്ത്യക്കാരായ പ്രവാസികള്‍ മുന്നില്‍ കാണുന്നു. ഇത്തരം വ്യക്തിഗത ലക്ഷ്യങ്ങള്‍ക്ക് ചേര്‍ന്നു പോകുന്ന തരത്തിലുള്ള പ്രോപ്പര്‍ട്ടി തന്നെയാണ് വാങ്ങുന്നത് എന്ന് ഉറപ്പാക്കാന്‍ പേരെടുത്ത ഡെവലപ്പര്‍മാരെ തന്നെ തിരഞ്ഞെടുക്കുന്നതിലൂടെയും പ്രാധാന്യമേറി വരുന്ന ഇടങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിലൂടെയും വിദഗ്ധരുടെ അഭിപ്രായം തേടുന്നതിലൂടെയും സാധിക്കും