UAE Weight Loss Challenge; റാസല്‍ ഖൈമ: യു.എ.ഇയില്‍ ശരീരഭാരം കുറച്ച് ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി രാജ്യത്തെ ഏറ്റവും വലിയ വെയ്റ്റ് ലോസ് ചലഞ്ചില്‍ (UAE Weight Loss Challenge) പങ്കെടുക്കാനുള്ള അവസരം. യു.എ.ഇ ആരോഗ്യപ്രതിരോധ മന്ത്രാലയവുമായി (MoHP) സഹകരിച്ച് റാസല്‍ ഖൈമ ഹോസ്പിറ്റല്‍ ആണ് വെയ്റ്റ് ലോസ് ചലഞ്ച് (RBWLC) പ്രഖ്യാപിച്ചത്. പൊണ്ണത്തടി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിവര്‍ത്തന സംരംഭമായാണ് ഈ ചാലഞ്ചിനെ കാണുന്നത്. ചാലഞ്ചിന്റെ അഞ്ചാമത്തെ എഡിഷനാണിത്. 2025 ഫെബ്രുവരി 21 മുതല്‍ മെയ് 22 വരെ നീണ്ടുനില്‍ക്കുന്ന 12 ആഴ്ചത്തെ സംരംഭം, അമിതവണ്ണത്തിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ രാജ്യത്തുടനീളമുള്ള കുടുംബങ്ങളെ ക്ഷണിക്കുന്നുവെന്ന് റാസല്‍ ഖൈമ (RAK) ആശുപത്രി അധികൃതര്‍ അറിയിച്ചു.

ചലഞ്ച് ഒന്നിലധികം വിഭാഗങ്ങളിലായാണ് നടത്തുന്നത്. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. ചാലഞ്ചിന്റെ ഭാഗമായി ശരീരഭാരം കുറയ്ക്കുന്ന ഓരോ കിലോഗ്രാമിനും 300 ദിര്‍ഹം, 200 ദിര്‍ഹം, 100 ദിര്‍ഹം എന്നിങ്ങനെയാണ് സമ്മാനങ്ങള്‍ ലഭിക്കുക.
വെയ്റ്റ് ലോസ് ചലഞ്ചിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ സൗജന്യമായി സൈന്‍ അപ്പ് ചെയ്യാവുന്നതാണ്.
മത്സരാര്‍ഥികള്‍ക്ക് മുന്‍ഗണന നോക്കി താഴെയുള്ളവയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം.
- ഫിസിക്കല്‍ ചാലഞ്ച്: ഇത് ആര്‍.എ.കെ ആശുപത്രിയില്‍ നേരിട്ടെത്തി മത്സരിക്കുന്നവര്‍ക്കുള്ളതാണ്.
- വെര്‍ച്വല്‍ ചാലഞ്ച്: ഇത് ഏതെങ്കിലും പ്രാദേശിക ക്ലിനിക്കുകളില്‍ പോയി മത്സരിക്കുന്നവര്‍ക്കുള്ളതാണ്.
- കോര്‍പ്പറേറ്റ് ടീം ചലഞ്ച് (കമ്പനികള്‍ക്ക് ടീമുകള്‍ രൂപീകരിക്കാം. അതില്‍ മികച്ച 10 ജീവനക്കാരുടെ വെയ്റ്റ് ലോസില്‍ വിജയിക്കുന്ന ടീമിനെ തെരഞ്ഞെടുക്കും).
- സ്‌കൂള്‍ വെയ്റ്റ് ലോസ് ടീം (സ്‌കൂളുകളില്‍ നിന്നുള്ള 10 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്റ്റാഫ് അംഗങ്ങളുടെ ടീമുകള്‍ക്ക് പങ്കെടുക്കാം)
- കുടുംബ വിഭാഗം (കുടുംബങ്ങള്‍ക്ക് ടീമായി ഒരുമിച്ച് മത്സരിക്കാം. കുടുംബത്തിന് ഫിസിക്കല്‍ ആയും വെര്‍ച്വല്‍ ആയും പങ്കെടുക്കാവുന്നതാണ്.)
Registration Link: https://www.rakweightlosschallenge.com/
വെയ്റ്റ് ലോസ് ചാലഞ്ച് അഞ്ചാം വര്‍ഷവും നടത്തുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും ഇത്തവണ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്നതാക്കാന്‍ കുടുംബ വിഭാഗം അവതരിപ്പിക്കുന്നുണ്ടെന്നും ആര്‍.എ.കെ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റാസ സിദ്ദിഖി പറഞ്ഞു. ‘കുടുംബ യൂണിറ്റ് സമൂഹത്തിന്റെ മൂലക്കല്ലാണ്. കുടുംബങ്ങള്‍ ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കാന്‍ ഒത്തുചേരുമ്പോള്‍ അവര്‍ സ്വന്തം ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, സമൂഹങ്ങളില്‍ നല്ല പ്രവണത സൃഷ്ടിക്കുകയും ചെയ്യുന്നു.- അദ്ദേഹം പറഞ്ഞു.
Win cash prizes with UAE’s Biggest Weight Loss Challenge