Uae law;ദുബൈ: നിങ്ങള്‍ ജോലിയില്‍ നിന്ന് രാജിവെച്ചവരായാലും, ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരായാലും, യുഎഇയിലെ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടാന്‍ തയ്യാറെടുക്കുന്ന വിദേശ വിദ്യാര്‍ത്ഥിയായാലും, താമസ വിസ റദ്ദാക്കിയതിന് ശേഷമുള്ള ഗ്രേസ് പിരീഡ് നിയമങ്ങള്‍ മനസ്സിലാക്കേണ്ടത് വളരെ അനിവാര്യമാണ്.

യുഎഇയിലെ നിയമപ്രകാരം തൊഴില്‍ കരാറും വര്‍ക്ക് പെര്‍മിറ്റും റദ്ദാക്കുന്നതോടെ ഒരു വ്യക്തിയുടെ താമസ വിസയും റദ്ദാക്കപ്പെടും. എന്നിരുന്നാലും, പ്രവാസികള്‍ക്ക് പുതിയ വിസ നേടുന്നതിനോ രാജ്യം വിടുന്നതിനോ ആയി യുഎഇ ഒരു ഗ്രേസ് കാലാവധി പ്രദാനം ചെയ്യുന്നു. വിസയുടെ ഇനത്തെയും യോഗ്യതയെയും അടിസ്ഥാനമാക്കി ഗ്രേസ് കാലാവധി വ്യത്യാസപ്പെടും.
‘മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം വഴി വിസ ക്യാന്‍സലേഷന്‍ പ്രക്രിയ ആരംഭിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. നടപടിക്രമത്തിന്റെ ഭാഗമായി ജീവനക്കാരന്‍ ക്യാന്‍സലേഷന്‍ അപേക്ഷയില്‍ ഒപ്പിടേണ്ടതുണ്ട്,’ നാസര്‍ യൂസഫ് അല്‍ഖാമിസ് ലോയേഴ്‌സ് (ചഥഗ ലോയേഴ്‌സ്) ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ പ്രിന്‍സിപ്പല്‍ പാര്‍ട്ണറായ സുനില്‍ അമ്പലവേലില്‍ വിശദീകരിച്ചു.
തൊഴില്‍ വിസ റദ്ദാക്കപ്പെട്ടാല്‍, വ്യക്തികള്‍ക്ക് യുഎഇയില്‍ പുതിയ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാം. എന്നിരുന്നാലും, വിസ റദ്ദാക്കല്‍ പ്രക്രിയ പൂര്‍ത്തിയായോ എന്ന് മുന്‍ തൊഴിലുടമയുമായി പരിശോധിക്കേണ്ടത് നിര്‍ണായകമാണ്. ‘തുടര്‍ന്ന് പുതിയ തൊഴിലുടമക്ക് നിയമപരമായ ആവശ്യകതകള്‍ക്കനുസൃതമായി പുതിയ വര്‍ക്ക് പെര്‍മിറ്റിനും താമസ വിസയ്ക്കുമുള്ള അപേക്ഷാ പ്രക്രിയ ആരംഭിക്കാം,’ അദ്ദേഹം പറഞ്ഞു.
യുഎഇയില്‍ ‘ജോബ്‌സീക്കര്‍ വിസ’ ഉണ്ടെന്നും സുനില്‍ ചൂണ്ടിക്കാട്ടി. ഇതുപ്രകാരം തൊഴില്‍ അന്വേഷിക്കുന്ന വ്യക്തികള്‍ക്ക് 60, 90, അല്ലെങ്കില്‍ 120 ദിവസം വരെ യുഎഇയില്‍ തുടരാം.
ഗ്രേസ് കാലയളവില്‍, വ്യക്തികള്‍ക്ക് അവരുടെ വിസ സ്റ്റാറ്റസ് മാറ്റാന്‍ നിരവധി ഓപ്ഷനുകള്‍ യുഎഇയിലുണ്ട്:
- താമസ വിസ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറുള്ള ഒരു തൊഴിലുടമയുടെ കീഴില്‍ ഒരു പുതിയ ജോലി ഉറപ്പാക്കുക.
- കുടുംബാംഗങ്ങളില്‍ ഒരാളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കുക.
- യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍, ഗ്രീന്‍ വിസ പോലുള്ള സ്വയം സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്ന വിസയ്ക്ക് അപേക്ഷിക്കുക.
താമസ വിസ റദ്ദാക്കിയാല്‍, ഒരു വ്യക്തിക്ക് യുഎഇ വിടാതെ തന്നെ വിസ സ്റ്റാറ്റസ് മാറ്റാന്‍ കഴിയും. സ്റ്റാറ്റസ് മാറ്റം ‘ എന്നറിയപ്പെടുന്ന ഈ പ്രക്രിയ ഒരു ആമെര്‍ സര്‍വീസ് സെന്റര്‍ അല്ലെങ്കില്‍ അംഗീകൃത ടൈപ്പിംഗ് സെന്റര്‍ വഴിയോ ചെയ്യാവുന്നതാണ്. അപേക്ഷകന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ഫീസ് അടയ്ക്കുകയും വേണം. ഇതിന് സാധാരണയായി 550 മുതല്‍ 650 ദിര്‍ഹം വരെ ചിലവാകും.
നിങ്ങളുടെ ഗ്രേസ് പിരീഡിനെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലെങ്കില്‍, യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) സ്മാര്‍ട്ട് സര്‍വീസസ് പോര്‍ട്ടല്‍ https://smartservices.icp.gov.ae/ വഴി മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഇത് ഓണ്‍ലൈനായി പരിശോധിക്കാന്‍ കഴിയും
UAE Visa Grace Period; How long can you stay in UAE after cancellation of work visa?