Ramadan 2025 in UAE റമദാൻ മാസം ഇങ്ങ് വന്ന് എത്താറായി. മുസ്ലിം മത വിശ്വാസികൾ റമദാനെ സ്വീകരിക്കാനുള്ള അവസാനവട്ട് ഒരുക്കത്തിലാണ്. അതുപോലെ റമാദാൻ മാസത്തിൽ വിശ്വാസികൾ ഏറ്റവും കൂടുതൽ ചെയ്യുന്ന കാര്യമാണ് സംഭാവന നൽകുക എന്നത്. എന്നാൽ അതിൽ നമ്മൾ ചതിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കണം എന്നും മുന്നറയിപ്പ് നൽകുന്നുണ്ട്. ‘സുരക്ഷിതമായി സംഭാവന ചെയ്യുക, നിങ്ങളുടെ പണം ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക’ എന്ന പ്രചാരണത്തിന്റെ രണ്ടാം സീസൺ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം ആരംഭിച്ചു, ദാതാക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ദാന സംസ്കാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ മുന്നോട്ട് കൊണ്ട് പോകുന്നത്. വ്യക്തികളും സംഘടനകളും ഫെഡറൽ നിയമം പാലിക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറയുന്നു. ഇതിലൂടെ സംഭാവനാ രീതികളെ നിയന്ത്രിക്കുകയും അനധികൃത ധനസമാഹരണ പ്രവർത്തനങ്ങൾക്ക് പിഴയും തടവും ഉൾപ്പെടെ കർശനമായ ശിക്ഷകൾ ചുമത്തുകയും ചെയ്യുന്നു.

സംഭാവനയ്ക്കുള്ള ആവശ്യകതകൾ
അധികൃതർ നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, സംഭാവനകൾ ശേഖരിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം, പ്രാദേശിക നിയന്ത്രണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രസക്തമായ അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികൾ നേടണം. ഔദ്യോഗികമായി ലൈസൻസുള്ള ചാരിറ്റബിൾ സംഘടനകൾ വഴി മാത്രമേ സംഭാവനകൾ ശേഖരിക്കാൻ കഴിയൂ, ഇത് ചൂഷണ സാധ്യത ഗണ്യമായി കുറയ്ക്കുകയും ഫണ്ടുകൾ നിയമാനുസൃതമായ കാരണങ്ങളിലേക്കാണ് നയിക്കുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. സംഘടനകൾ ഫണ്ട് ശേഖരിക്കുന്നതിന്റെ ഉദ്ദേശം വ്യക്തമാക്കണമെന്ന വ്യക്തമായ നടപടിക്രമങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ സംഭാവനകൾ സ്വീകരിക്കുന്ന സ്ഥാപനത്തെ തിരിച്ചറിയുന്നതിന് വേണ്ടിയാണ്. അത് ഒരു ചാരിറ്റബിൾ സംഘടനയോ അംഗീകൃത സ്ഥാപനമോ ആയിരിക്കണം.
സംഭാവന ശേഖരണത്തിന്റെ ഉദ്ദേശം വ്യക്തമാക്കണം. ഫണ്ട് എങ്ങനെ ചെലവഴിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമെന്ന് വിശദീകരിക്കുക, ഗുണഭോക്താക്കളെയും ശേഖരണം നടക്കുന്ന സ്ഥലങ്ങളെയും തിരിച്ചറിയുക, ഫണ്ട് ശേഖരിക്കാൻ ഉപയോഗിക്കുന്ന രീതികളും മറ്റും വ്യക്തമാക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അനധികൃത സ്ഥാപനങ്ങളിലേക്ക് സംഭാവനകൾ എത്തുന്നത് തടയുക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നത് തടയുക എന്നിവയാണ് ഈ ക്യാമ്പയിനിലൂടെ വ്യക്തമാക്കുന്നത്. സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ ഏതൊരു സംഭാവന പ്രചാരണവും 800623 എന്ന കോൾ സെന്റർ വഴി റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.