Dubai Taxi Company; യുഎഇ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ടാക്സി സേവനം ഡിടിസിയുടെ മാത്രം. ദുബായ് രാജ്യാന്തര വിമാനത്താവളം, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ ദുബായ് ടാക്സി കമ്പനി (ഡിടിസി) നൽകുന്ന ടാക്സി സേവനം തുടരും. ഇതിൻറെ ഭാഗമായി അഞ്ച് വർഷത്തെ പങ്കാളിത്ത കരാറിൽ ദുബായ് ടാക്സി കമ്പനിയും ദുബായ് എയർപോർട്ടുകളും ഒപ്പുവച്ചു. ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ അൽഫാലസിയും ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സുമാണ് കരാറിൽ ഒപ്പിട്ടത്. ദുബായ് വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഡിടിസിയല്ലാതെ മറ്റൊരു കമ്പനിയുടെയും ടാക്സി സേവനം ഉപയോഗിക്കാൻ കഴിയില്ല.

എന്നാൽ വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് മറ്റ് നിയമാനുസൃത കമ്പനികളുടെ ടാക്സികൾ ഉപയോഗിക്കാം. 2024ൽ രണ്ട് വിമാനത്താവളങ്ങളിലുമായി 93 ദശലക്ഷം യാത്രക്കാർ ഡിടിസി സേവനം നൽകി. 1997ൽ 100 ടാക്സികൾ മാത്രം ഉള്ളപ്പോൾ മുതൽ ഡിടിസി ദുബായ് എയർപോർട്ട്സുമായുള്ള ദീർഘകാല പങ്കാളിത്തം ആരംഭിച്ചിരുന്നു. നിലവിൽ കുടുംബങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും സേവനം നൽകുന്ന പ്രത്യേക പിങ്ക് ടാക്സികളും ഭിന്നശേഷിയുള്ളവർക്ക് സേവനം നൽകുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന വാഹനങ്ങളും ഉൾപ്പെടെ ഏകദേശം 900 എയർപോർട്ട് ടാക്സികൾ ഡിടിസി വാഹന വ്യൂഹത്തിലുണ്ട്. അതോടൊപ്പം പ്രീമിയം ഗതാഗത സേവനങ്ങൾ നൽകുന്ന ഏകദേശം 500 പ്രീമിയം ലിമോസിനുകളും ലഭ്യമാണ്.