Dubai police; ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (CID) ഉദ്യോഗസ്ഥരായി വേഷംമാറി നൈഫിലെ ഒരു ട്രേഡിംഗ് കമ്പനിയിൽ നിന്ന് 10 മില്യൺ ദിർഹം മോഷ്ടിച്ച രണ്ട് പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യൻ പൗരന്മാരായ പ്രതികൾ ജീവനക്കാരെ തടഞ്ഞുനിർത്തി ജനറൽ മാനേജരുടെ ഓഫീസിലെ ഒരു സേഫിൽ നിന്ന് പണം കൊള്ളയടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ റിപ്പോർട്ടനുസരിച്ച് അഹമ്മദ് എസ്.എം. (35), യൂസിഫ് എ.എ. എന്നീ രണ്ടുപേരാണ് പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് കമ്പനി പരിസരത്ത് അതിക്രമിച്ചു കയറിയത്.
വ്യാജ സി.ഐ.ഡി തിരിച്ചറിയൽ കാർഡ് അവർ ജീവനക്കാരെ കാണിക്കുകയും ചെയ്തു. തുടർന്ന് സംഘം അഞ്ച് ജീവനക്കാരെ കെട്ടിയിട്ടു, അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു, തുടർന്ന് പണം കൈക്കലാക്കി രക്ഷപ്പെടുകയും ചെയ്‌തു. ജീവനക്കാർ സ്വയം മോചിതരായി, ഉടൻ തന്നെ അവർ ദുബായ് പോലീസിനെ വിവരമറിയിച്ചു. നായിഫ് പോലീസ് സ്റ്റേഷൻ, സിഐഡി, ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, പട്രോളിംഗ് യൂണിറ്റുകൾ എന്നിവയിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് വേഗത്തിൽ പ്രതികരിച്ചിരുന്നു.
മോഷ്ടിച്ച തുക കൈമാറുന്നതിനോ രാജ്യം വിടുന്നതിനോ മുമ്പ് കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ വിരലടയാളങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, സാക്ഷി മൊഴികൾ എന്നിവ ശേഖരിച്ചു, രാജ്യവ്യാപകമായി വിപുലമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ തീവ്രമായ അന്വേഷണത്തിൽ, വടക്കൻ എമിറേറ്റിലെ ഒരു സ്ഥലത്ത് പ്രതികളെ കണ്ടെത്തി. ലോക്കൽ പോലീസുമായി സഹകരിച്ച് ദുബായ് അധികൃതർ അവരെ പിടികൂടുകയും മോഷ്ടിച്ച പണം കണ്ടെടുക്കുകയും ചെയ്തു.