Ramadan holidays:2025ലെ റമദാന് ആരംഭിക്കുമ്പോള്‍, യുഎഇയില്‍ ജോലി ചെയ്യുന്ന മിക്ക പ്രവാസികളും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് പകരം എമിറേറ്റുകളില്‍ തന്നെ തുടരാനാണ് ഇഷ്ടപ്പെടുന്നത്.

കുറഞ്ഞ ജോലി സമയം, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഓപ്ഷനുകള്‍, പുണ്യമാസത്തില്‍ യുഎഇ പ്രദാനം ചെയ്യുന്ന അതുല്യമായ അന്തരീക്ഷം തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഈ തീരുമാനത്തിലേക്ക് ഇവരെ നയിക്കുന്നത്. സൗകര്യം, ഫ്ളെക്സിബിലിറ്റി, മികച്ച അന്തരീക്ഷം എന്നിവയാല്‍ റമദാന് സമയത്ത് യുഎഇയില്‍ താമസിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് പല താമസക്കാരും പറയുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന കലാകാരിയും മാര്‍ക്കറ്റിംഗ് പ്രൊഫഷണലുമായ മഷാല്‍ ഹുസൈന് പറയുന്നതിങ്ങനെ: ‘എല്ലാ വര്‍ഷവും, റമദാന് അടുക്കുമ്പോള്‍, എന്റെ മാതൃരാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനേക്കാള്‍ ഞാന്‍ ദുബൈയില്‍ തന്നെ താമസിക്കാറാണ് പതിവ്. എനിക്ക് വീട് ദൂരെയാണെന്ന തോന്നലില്ല, വര്‍ഷങ്ങളായി, പ്രത്യേകിച്ച് ഈ പുണ്യമാസത്തില്‍ ദുബൈ വീട്ടില്‍ നിന്ന് അകലെയുള്ള മറ്റൊരു വീടായി മാറിയിരിക്കുന്നു.’
നഗരം റമദാനെ സ്വീകരിക്കുന്ന രീതി അവരുടെ അനുഭവത്തെ ശരിക്കും സവിശേഷമാക്കുന്നു. വീണ്ടും വീണ്ടും റമദാനെ യുഎഇയില്‍ വെച്ച് വരവേല്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും ഇതേ ഘടകമാണ്.
‘ജോലി സമയം കുറയുമ്പോള്‍, ദൈനംദിന ജീവിതത്തിന്റെ വേഗത കുറയുന്നു. ജീവിതത്തില്‍ കൂടുതല്‍ ശാന്തത അനുഭവപ്പെടുന്നു. എല്ലായിടത്തും ഒരുമയുടെ ബോധം നിറഞ്ഞിരിക്കുന്നു. റമദാന് അലങ്കാരങ്ങള്‍ തെരുവുകളെ പ്രകാശപൂരിതമാക്കുന്നു. പരമ്പരാഗത വിഭവങ്ങള്‍ മുതല്‍ അന്താരാഷ്ട്ര വിപണിയിലെ പ്രിയപ്പെട്ട വിഭവങ്ങള്‍ വരെ വാഗ്ദാനം ചെയ്യുന്ന ടെന്റുകള്‍ ഇഫ്താറിനൊപ്പം ആളുകളെ ഒരുമിച്ച് കൂട്ടുന്നു’ മഷാല്‍ പറഞ്ഞു.
ഒരു പ്രവാസി എന്ന നിലയില്‍ ദുബൈയില്‍ റമദാന് അനുഭവിക്കുക എന്നത് എത്ര സവിശേഷമാണെന്ന് അവര്‍ എടുത്തുപറഞ്ഞു. ‘സമൂഹത്തിന്റെ ഊഷ്മളത, നോമ്പനുഭവം, സുഹൂര്‍, തറാവീഹ് നമസ്കാരത്തിന്റെ താളം എന്നിവ ദൈവിക ചിന്തകള്‍ സൃഷ്ടിക്കുന്നു. എന്റെ മാതൃരാജ്യത്ത് നിന്ന് മൈലുകള്‍ അകലെയാണെങ്കിലും എനിക്ക് ഒരിക്കലും ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നില്ല. റമദാനെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്ന വിധത്തില്‍ യുഎഇയില്‍ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള ആളുകളും ഒരുമിച്ച് കൂടുന്നു.’
റമദാനില്‍ ദുബൈയില്‍ താമസിക്കുന്നത് വെറുമൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് നഗരവുമായും അവിടുത്തെ ജനങ്ങളുമായും ഉള്ള ബന്ധം ശക്തിപ്പെടുത്തുന്ന സമ്പന്നമായ ഒരു അനുഭവമാണെന്നും മഷാല്‍ പറഞ്ഞു.
കഴിഞ്ഞ 26 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന പാകിസ്ഥാനില്‍ നിന്നുള്ള 56 വയസ്സുള്ള മുംതാസ് അഹമ്മദ്, റമദാനില്‍ ഒരിക്കലും അവധി എടുത്തിട്ടില്ലെന്ന് പറഞ്ഞു.
‘കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍, ഞാന്‍ റമദാനില്‍ വാര്‍ഷിക അവധിയില്‍ പോയിട്ടില്ല. യുഎഇയില്‍ പുണ്യമാസം വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇവിടത്തെ അന്തരീക്ഷം ശരിക്കും അതുല്യമാണ്.’
റമദാനില്‍ മറ്റു പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി അനുവദിക്കുന്ന കുറഞ്ഞ പ്രവൃത്തി സമയത്തെയും അദ്ദേഹം അഭിനന്ദിച്ചു
റമദാനില്‍ ജോലി സമയം വെറും ആറ് മണിക്കൂറായി ചുരുക്കുന്നു, ഇത് എനിക്ക് പ്രാര്‍ത്ഥനകള്‍ നടത്താനും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും ധാരാളം സമയം നല്കുന്നു. ഇത് ഒരു തികഞ്ഞ സന്തുലിതാവസ്ഥയാണ്,’ മുംതാസ് പറഞ്ഞു.
‘റമദാന് കാലത്ത് ഷാര്‍ജ മൊത്തത്തില്‍ ശാന്തമാണ്. ഈ പുണ്യസമയത്ത് ഇത്തരമൊരു അന്തരീക്ഷം ഒരുക്കിയതിന് സര്‍ക്കാരിനോട് ഞാന്‍ നന്ദിയുള്ളവനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
