ദുബായ് ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ ഫുഡ് മാനുഫാക്ച്ചറിങ് കമ്പനിയായ ഒയാസിസ് ക്യുസിൻസ് തൊഴിലാളികളുടെ അമ്മക്കാർക്ക് പ്രത്യേകമായ ക്ഷേമ പദ്ധതിയൊരുക്കി. ‘അമ്മമാർക്ക് സ്നേഹപൂർവം’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി വഴി മൂന്നു മാസത്തിലൊരിക്കൽ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സഹായമെത്തിക്കുകയാണ് ലക്ഷ്യം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം, ഷെയ്ഖ ഹിന്ദ് ബിൻത് റാഷിദ് അൽ മക്തൂമിനെ ആദരിച്ചു കൊണ്ട് നടപ്പാക്കിയ വിവിധ പദ്ധതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു ആശയം കമ്പനിയിൽ നടപ്പിലാക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ദേശ-ഭാഷാ വ്യത്യാസമില്ലാതെ, ദീർഘകാലമായി കമ്പനിയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളുടെയും അമ്മമാരെ പദ്ധതിയിൽ ഉൾപ്പെടുത്തും. കമ്പനിയുടെ വിജയക്കുതിപ്പിൽ കരുത്തായി നിൽക്കുന്ന തൊഴിലാളികളുടെ അമ്മമാർക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും കൈനീട്ടം ഒരുക്കുകയാണ് ഇതിലൂടെ ചെയ്യന്നതെന്നും ഓപ്പറേഷൻസ് മാനേജർ ഫൈസൽ ബിൻ മുഹമ്മദ് പറഞ്ഞു.
ഗൾഫിൽ ശക്തമായ വിതരണ ശൃംഖലയുള്ള ഭക്ഷ്യോത്പാദന കമ്പനിയാണ് ഒയാസിസ് ക്യുസിൻസ്. റോയൽ ബ്രെഡ്‌സ്, ബ്രെഡ് കിങ്, ബിസ്‌ക്കറ്റുകൾ, സാൻഡ്വിച്ചുകൾ ഉൾപ്പെടെ ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ദിനേന വിപണിയിലെത്തിച്ച് ജനപ്രിയ ബ്രാൻഡായി മാറിയ സ്ഥാപനമാണിത്.