aakasha air new services;അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റ് സർവീസുകൾ ആരംഭിച്ച് ആകാശ എയർ. ബംഗളൂരുവിൽ നിന്നും മുംബയിൽ നിന്നുമാണ് അബുദാബിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസുകൾ ആരംഭിച്ചത്. യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെയാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്.

ബംഗളൂരുവിൽ നിന്ന് നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ രാവിലെ പത്ത് മണിക്ക് പുറപ്പെടും. അബുദാബിയിൽ ഉച്ചയ്ക്ക് 12.35ന് എത്തും. തിരികെയുള്ള വിമാനം പുലർച്ചെ മൂന്ന് മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട് രാവിലെ 8. 45ന് ബംഗളൂരുവിലെത്തും. അഹമ്മദാബാദിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് രാത്രി 10.45ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ ഒരു മണിയോടെ അബുദാബിയിലെത്തും. തിരികെ അവിടെ നിന്നും ഉച്ചയ്ക്ക് 2.50ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം വൈകിട്ട് 7.25ന് അഹമ്മദാബാദിൽ എത്തും.
നിലവിൽ 22 ഇന്ത്യൻ നഗരങ്ങളിലേക്കാണ് ആകാശ എയർ സർവീസ് നടത്തുന്നത്. ദോഹ, ജിദ്ദ, റിയാദ്, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് അന്താരാഷ്ട്ര സർവീസുകൾ. 2022 ഓഗസ്റ്റ് ഏഴിനാണ് ആകാശ എയറിന്റെ ആദ്യ കൊമേഴ്സ്യൽ വിമാന സർവീസ് തുടങ്ങിയത്. 2024 മാർച്ച് 28ന് അന്താരാഷ്ട്ര സർവീസുകൾക്കും തുടക്കമിട്ടു.
