passport missing case;റിയാദ്: യാത്രക്കിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ട് രണ്ടുദിവസം റിയാദ് എയർപ്പോർട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരന് ഒടുവിൽ മോചനം. റിയാദിൽ ബിസിനസുകാരനായ ജയ്പൂർ സ്വദേശി ഫഹീം അക്തറാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ രക്ഷപ്പെട്ടത്. അസർബൈജാൻ യാത്ര കഴിഞ്ഞ് റിയാദ് എയർപോർട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പാസ്പോർട്ട് നഷ്ടപ്പെട്ടതായി അറിയുന്നത്.
ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനായി പോക്കറ്റിൽ പാസ്പോര്ട്ട് നോക്കിയപ്പോഴാണ് അത് ഇല്ലതെന്ന് ഫഹീം അറിയുന്നത്. അസർബൈജാനിലെ ബാക്കു വിമാനത്താവളത്തിൽ നിന്ന് നടപടികളെല്ലാം പൂർത്തിയാക്കി വിമാനത്തിൽ കയറുമ്പോൾ ജാക്കറ്റിൽ പാസ്പോർട്ട് ഭദ്രമായി വെച്ചതാണ്. പിന്നീട് എവിടെ വെച്ച് പാസ്പോർട്ട് നഷ്ടമായി എന്നറിയില്ല. വിമാനത്തിലും പോയ വഴികളിലുമെല്ലാം അന്വേഷിച്ചെങ്കിലും പാസ്പോർട്ട് കണ്ടെത്താനായില്ല. പാസ്പോർട്ടില്ലാതെ ഫഹീമിനെ ഇവിടെ ഇറക്കാനോ അസർബൈജാനിലെക്കോ ഇന്ത്യയിലേക്കോ തിരിച്ചയക്കാനോ കഴിയാതെ റിയാദ് പാസ്പോർട്ട് വിഭാഗവും പ്രതിസന്ധിയിലായി
പ്രതിസന്ധി മറികടക്കാൻ എയർപോർട്ടിലെ പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥൻ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ ബന്ധപ്പെട്ടു. വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശിഹാബ് ഉടൻ എയർപോർട്ടിലെത്തുകയും ഫഹീമുമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് എമർജൻസി പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള രേഖകൾ തയ്യാറാക്കി. അപ്പോഴാണ് കുടുംബം റിയാദിലാണുള്ളതെന്നും ഇവിടെയാണ് ഇറങ്ങേണ്ടതെന്നും ഫഹീം പറയുന്നത്. എംബസിയുടെ നിർദേശപ്രകാരം പുതിയ പാസ്പോർട്ടിന് അപേക്ഷിച്ചു. ഇതിനിടയിൽ ഫഹീമിെൻറ സ്പോൺസറുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകളെല്ലാം ശിഹാബ് തയ്യാറാക്കിയിരുന്നു. പറ്റാവുന്നത്ര വേഗത്തിൽ എംബസി നടപടിക്രമങ്ങൾ പൂർത്തിയാക്കി പാസ്പ്പോർട്ട് ഇഷ്യൂ ചെയ്തു.
വിസ പാസ്പോർട്ടിൽ എൻഡോഴ്സ് ചെയ്യാനുള്ള നടപടികളിൽ സൗദി പാസ്പോർട്ട് വിഭാഗവും സഹായം ചെയ്തു. രണ്ട് ദിവസത്തെ ടെർമിനൽ ജീവിതത്തിനൊടുവിൽ പുറത്തിറങ്ങിയ ഫഹീം അക്തർ റിയാദിലെ കുടുംബത്തിനൊപ്പമെത്തി. മണിക്കൂറുകളോളം രാജ്യം നഷ്ടപ്പെട്ട അനുഭവമാണുണ്ടായതെന്നും രക്ഷക്കെത്തിയ ശിഹാബിനോട് തീരാത്ത നന്ദിയുണ്ടെന്നും ഫഹീം പറഞ്ഞു.