Ramadan 2025:ദുബൈ: അർഹരായവർക്ക് ഇഫ്താർ ഭക്ഷണം എത്തിക്കുന്നതിന്റെ ഭാഗമായുള്ള പുണ്യപ്രവൃത്തികളിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാൻ അവസരം. ജീവകാരുണ്യ സംഘടനകൾക്ക് സംഭാവനകൾ നൽകി ഇഫ്താർ ഭക്ഷണത്തോടൊപ്പം സകാത്തും ഈദ് വസ്ത്രങ്ങളും സ്പോൺസർ ചെയ്യാനാവും. സംഭാവനകൾ സ്വീകരിക്കുന്നതിനായി വിവിധ ജീവകാരുണ്യ സംഘടനകൾ ഇഫ്താർ കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്
ദുബൈ ചാരിറ്റി അസോസിയേഷന്റെ റമദാൻ കാമ്പയിൻ ലക്ഷ്യമിടുന്നത് യു.എ.ഇയിൽ 10 ലക്ഷം ഇഫ്താർ കിറ്റുകളും വിദേശ രാജ്യങ്ങളിൽ ഒരു ലക്ഷം ഇഫ്താർ കിറ്റുകളും വിതരണം ചെയ്യാനാണ്. ഔദ്യോഗിക വെബ്സൈറ്റ് (www.dubaicharity.org), എസ്.എം.എസ്., ബാങ്ക് അക്കൗണ്ട് എന്നിവ വഴി 10 ദിർഹം മുതൽ സംഭാവനകൾ നൽകാം. നാല് ഇഫ്താർ കിറ്റുകൾക്കായി 60 ദിർഹം ചെലവാകും.

‘റമദാൻ തുടർച്ചയായ ദാനം’ എന്ന പേരിൽ എമിറേറ്റ്സ് റെഡ് ക്രസന്റ് റംസാൻ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ദരിദ്ര കുടുംബങ്ങൾക്ക് മാനുഷിക സഹായം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഈദ് വസ്ത്രങ്ങൾ നൽകുന്നതിന് 50 ദിർഹം മുതൽ സംഭാവനകൾ നൽകാം. ഇഫ്താർ ഭക്ഷണത്തിന് 15 മുതൽ 20 ദിർഹം വരെ സംഭാവന നൽകാം. റമദാൻ ഭക്ഷണക്കൊട്ട നൽകുന്നതിന് 100 മുതൽ 500 ദിർഹം വരെ നൽകണം. ഗസ്സയിലെ കുടുംബങ്ങൾക്ക് ഇഫ്താർ ഭക്ഷണം നൽകുന്നതിനായി 20 ദിർഹം മുതൽ സംഭാവന നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.emiratesrc.ae സന്ദർശിക്കാം.
അതേസമയം, റമദാനിൽ സംഭാവനകൾ അംഗീകൃത പ്ലാറ്റ്ഫോമുകളിലൂടെയേ നൽകാവൂവെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിക്കുന്നു. സഹായധനം അർഹരായവർക്ക് ലഭ്യമാകുന്നതിനും ആളുകൾ ചൂഷണത്തിനിരയാകാതിരിക്കാനുമാണ് ഈ നിർദേശം. സംഭാവന നൽകുന്നതിന് മുമ്പായി ബന്ധപ്പെട്ട സംഘടനയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് അധികൃതർ ദാതാക്കളോട് നിർദേശിച്ചിട്ടുണ്ട്.
