Uae job vacancy;ദുബായ്: യുഎഇയിൽ ഫ്രീലാൻസ് ജോലി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. ഒരു ദിവസം 3600 ദിർഹം വരെ (85,000 ഇന്ത്യൻ രൂപ) ഫ്രീലാൻസ് ജോലി ചെയ്യുന്നവർ സമ്പാദിക്കുന്നതായാണ് റിപ്പോർട്ട്. സ്വതന്ത്ര ടാലന്റ് പ്ലാറ്റ്‌ഫോമായ ഔട്ട്‌സൈസ്ഡ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാർഡ് പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ്, പ്രോജക്ട് ആൻഡ് പ്രൊഡക്ട് മാനേജ്‌മെന്റ്, ഡാറ്റ അനലിറ്റിക്സ്, ബിസിനസ് ഡെവലപ്‌മെന്റ്, റിസ്‌ക് മാനേജ്‌മെന്റ് എന്നിവയാണ് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ജോലികൾ. ഈ ജോലികൾക്ക് ദിവസ വേതനം 1,100 ദിർഹം മുതൽ ആരംഭിക്കുന്നു.
2025 ലെ ടാലന്റ് ഓൺ ഡിമാൻഡ് റിപ്പോർട്ട് പ്രകാരം മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്കൻ (മേന) മേഖലയിലെ ഫ്രീലാൻസ് രജിസ്‌ട്രേഷനുകൾ കഴിഞ്ഞ വർഷം 78 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ദിവസ വേതനം ഫ്രീലാൻസ് ജോലി ചെയ്യുന്നവരുടെ പരിചയസമ്പത്തിനെ അടിസ്ഥാനമാക്കിയായിരിക്കും. മാത്രമല്ല, ജോലി ചെയ്യുന്ന മേഖലയും വേതനത്തെ നിർണയിക്കുമെന്ന് മേനയുടെയും ഇന്ത്യയുടെയും മനേജിംഗ് ഡയറക്ടർ അസീം സൈനുൽഭായ് അറിയിച്ചു.

ഉദാഹരണത്തിന് കാർഡ് പോർട്ട്‌ഫോളിയോ മാനേജ്‌മെന്റിൽ അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക് ഒരു ദിവസം 275 മുതൽ 325 ഡോളർ സമ്പാദിക്കാൻ സാധിക്കും. ഇതേ മേഖലയിൽ 11 മുതൽ 15 വർഷം വരെ പരിചയസമ്പത്തുള്ളവർക്ക് 725 മുതൽ 875 ഡോളർ വരെ സമ്പാദിക്കാൻ സാധിക്കും. അതുപോലെ, കരിയറിന്റെ പ്രാരംഭ ഘട്ടങ്ങളിൽ പ്രോജക്ട് മാനേജർമാർ പ്രതിദിനം ഏകദേശം 250 ഡോളർ സമ്പാദിക്കുന്നു. ഒരു ദശാബ്ദത്തിലേറെ വൈദഗ്ധ്യമുള്ളവർക്ക് നിരക്ക് പ്രതിദിനം 525 മുതൽ 675 ഡോളർ വരെയായി വർദ്ധിക്കുന്നു.
പ്രവാസികൾക്ക് ഫ്രീലാൻസ് ജോലി ചെയ്യാമോ?
ഫ്രീലാൻസ് ജോലി ചെയ്യാൻ വിദേശികൾക്ക് സാധിക്കുമോ എന്നത് പ്രധാന ചോദ്യമാണ്. ഫ്രീലാൻസർമാർക്ക് യുഎഇ ഒന്നിലധികം വിസ, റെസിഡൻസി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022ൽ, സ്‌പോൺസറുടെ ആവശ്യമില്ലാതെ ഫ്രീലാൻസർമാർക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും അഞ്ച് വർഷത്തെ ഗ്രീൻ വിസ രാജ്യം അവതരിപ്പിച്ചിരുന്നു.
