partial solar eclipse :ശവ്വാല്‍ പിറവി കാണാന്‍ സാധ്യതയുള്ള മാര്‍ച്ച് 29ന് സൂര്യഗ്രഹണം: യുഎഇയില്‍ അത് ചന്ദ്രപിറവിയെ ബാധിക്കുമോ?

partial solar eclipse :അബൂദബി: പുണ്യമാസമായ റമദാന്‍ പകുതിയോട് അടുക്കുകയാണ്. ഈ മാസത്തില്‍ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒപ്പം ശവ്വാല്‍ പിറവി കൂടി നടക്കാനിരിക്കുന്നതിനാല്‍ ആകാശക്കാഴ്ചകള്‍ ഉറ്റുനോക്കുന്നവര്‍ക്ക് ഏറെ താല്‍പ്പര്യമുള്ള ദിവസങ്ങള്‍കൂടിയാണ് വരാന്‍ പോകുന്നത്.

മാര്‍ച്ച് 29നാണ് ഭാഗിക സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇത് ചന്ദ്രക്കല ദര്‍ശനവുമായി ഒത്തുപോകുന്നതായതിനാല്‍ സൂര്യഗ്രഹണം ശവ്വാല്‍ പിറവിയെ ബാധിക്കുമോയെന്ന ആശങ്ക എമിറേറ്റ്‌സില്‍ പലര്‍ക്കുമുണ്ട്. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അറ്റ്‌ലാന്റിക്, ആര്‍ട്ടിക് സമുദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളില്‍ ഗ്രഹണം പൂര്‍ണമായി സംഭവിക്കും.

സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സൂര്യപ്രകാശത്തെ ചെറിയ സമയത്തേക്ക് തടയുമ്പോള്‍ ആണ് സൂര്യഗ്രഹണം സാധാരണയായി സംഭവിക്കുന്നത്. സാധാരണയായി ഇത് പകല്‍ സമയത്താണ് സംഭവിക്കാറുള്ളതെന്നും യുഎഇയില്‍ സൂര്യഗ്രഹണം സംഭവിക്കാനിടയില്ലാത്തതിനാല്‍ ശവ്വാല്‍പ്പിറവി ദൃശ്യത്തിന് ഇത് തടസ്സമാകില്ലെന്നും ദുബൈ ജ്യോതിശാസ്ത്ര വിഭാഗം അറിയിച്ചിട്ടുണ്ട്.

സൂര്യാസ്തമയത്തിന് വളരെ മുമ്പുതന്നെ ഭാഗിക സൂര്യഗ്രഹണം സംഭവിക്കും. മാത്രമല്ല, സൂര്യാസ്തമയത്തിനുശേഷം മാത്രമേ ശവ്വാല്‍ പിറവി പ്രത്യക്ഷപ്പെടൂ. ഇക്കാരണത്താലും സൂര്യഗ്രഹണം അതിന്റെ ദൃശ്യപരതയെ തടസ്സപ്പെടുത്തില്ലെന്നും അധികൃതര്‍ പ്രവചിച്ചു.

നാളെയും മറ്റന്നാളും (മാര്‍ച്ച് 13 മുതല്‍ മാര്‍ച്ച് 14 വരെ) രാത്രികളില്‍ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോള്‍ ചന്ദ്രന്‍ കടും ചുവപ്പ് നിറത്തില്‍ മാറും. ഇത് ‘രക്തചന്ദ്രന്‍’ എന്നും അറിയപ്പെടുന്നു. വടക്കന്‍, ദക്ഷിണ അമേരിക്ക, പടിഞ്ഞാറന്‍ യൂറോപ്പ്, പശ്ചിമ ആഫ്രിക്ക, പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ചന്ദ്ര ഗ്രഹണം പൂര്‍ണ്ണമായി ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവയുടെ മറ്റ് ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായി ഇത് ദൃശ്യമാകും. എന്നാല്‍ ഇതും യുഎഇയില്‍ ദൃശ്യമാകില്ല. ഈ മാസത്തെ ഗ്രഹണങ്ങള്‍ യുഎഇ നിവാസികള്‍ക്ക് കാണാന്‍ കഴിയില്ലെങ്കിലും നഗ്‌നനേത്രങ്ങള്‍ കൊണ്ട് ചന്ദ്രഗ്രഹണം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സെപ്റ്റംബറില്‍ വരാനിരിക്കുന്ന ചന്ദ്രഗ്രഹണത്തിന് നേരിട്ട് സാക്ഷ്യംവഹിക്കാന്‍ സാധിച്ചേക്കും.

അതേസമയം, യുഎഇയിലെ ജ്യോതിശാസ്ത്ര പ്രേമികള്‍ക്ക് മാര്‍ച്ച് 14നും 15നും നക്ഷത്രനിരീക്ഷണവും ചന്ദ്ര പര്യവേഷണത്തിന്റെ പ്രദര്‍ശനവും ഉള്‍ക്കൊള്ളുന്ന ആകാശ കാഴ്ചകള്‍ കാണാന്‍ അവസരം ഉണ്ട്. ദുബൈ ജ്യോതിശാസ്ത്ര വിഭാഗവും ജമീല്‍ ആര്‍ട്‌സ് സെന്ററും സംഘടിപ്പിക്കുന്ന സൗജന്യ ദ്വിദിന പരിപാടി രാത്രി 8.30 മുതല്‍ രാത്രി 11.30 വരെയാണ് നടക്കുക. ഇത് സന്ദര്‍ശിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. നക്ഷത്രനിരീക്ഷകര്‍ക്ക് ദൂരദര്‍ശിനികളിലൂടെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും മാത്രമല്ല, ആഴത്തിലുള്ള ആകാശ വസ്തുക്കളെയും കാണാന്‍ കഴിയും. 

Will partial solar eclipse affect Eid Moon crescent sighting in UAE

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top