Eid holidays;;025 ലെ ഈദ് അല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ യുഎഇ നിവാസികള്‍ക്ക് അഞ്ച് ദിവസം വരെ അവധി ലഭിച്ചേക്കും. ശവ്വാല്‍ പിറവി കാണുന്നത് അനുസരിച്ച് വാരാന്ത്യം ഉള്‍പ്പെടെയുള്ള പതിവ് അവധി ലഭിക്കുന്നതോടെ മൊത്തം പെരുന്നാള്‍ അവധി നാലോ അഞ്ചോ ദിവസം നീണ്ടുനില്‍ക്കും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം, അഞ്ച് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.

ഇസ്‌ലാമിക കലണ്ടറില്‍ റമദാന് ശേഷം വരുന്ന മാസമായ ശവ്വാല്‍ ഒന്നാം തീയതിയാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. ഈ ഉത്സവം വ്രതാനുഷ്ഠാനത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ഇസ്‌ലാമിക മാസങ്ങള്‍ (ഹിജ്‌റ കലണ്ടര്‍) മാസം കാണുന്നതിനെ ആശ്രയിച്ച് 29 അല്ലെങ്കില്‍ 30 ദിവസം വരെ നീണ്ടുനില്‍ക്കും.
മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 1 ചൊവ്വാഴ്ച വരെയാണ് യുഎഇയിലെ ഈദ് അവധി. അവധിക്ക് മുമ്പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേര്‍ക്കുമ്പോള്‍ ഇത് നാല് ദിവസത്തെ ഇടവേളയായി മാറും. മാര്‍ച്ച് 29 ന് മാസം കണ്ടില്ലെങ്കില്‍, വിശുദ്ധ റമദാന്‍ മാസം 30 ദിവസം നീണ്ടുനില്‍ക്കും. ഈ വര്‍ഷം ചെറിയ പെരുന്നാളിന് മൂന്ന് ദിവസങ്ങള്‍ക്ക് പുറമേ റമദാന്‍ 30 നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മാര്‍ച്ച് 30 ഞായറാഴ്ച (റമദാന്‍ 30) മുതല്‍ ഏപ്രില്‍ 2 ബുധനാഴ്ച വരെയാണ് അവധി. അവധിക്ക് മുമ്പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേര്‍ക്കുമ്പോള്‍, അഞ്ച് ദിവസത്തെ അവധി ലഭിക്കും.
ദുബൈ ജ്യോതിശാസ്ത്ര വിഭാഗത്തിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം ഇത്തവണ റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. ഇതു പ്രകാരം യുഎഇക്കാര്‍ക്ക് ഇത്തവണ അഞ്ച് ദിവസത്തെ ചെറിയ പെരുന്നാള്‍ അവധി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

അതേസമയം, സഊദി അറേബ്യയിലും ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 29 (റമദാന്‍ 29)ന് തുടങ്ങി ഏപ്രില്‍ രണ്ടുവരെ നീണ്ടുനില്‍ക്കുന്ന വിധത്തിലുള്ള അവധി സഊദി മാനവ വിഭവശേഷി മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. തൊഴില്‍ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 24 ലെ ഖണ്ഡിക 2 ല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന കാര്യങ്ങള്‍ തൊഴിലുടമകള്‍ പാലിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം (ഏപ്രില്‍ 3, വ്യാഴം) മുതല്‍ വാരാന്ത്യ അവധി തുടങ്ങുന്നതിനാല്‍ ഏപ്രില്‍ 3ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇതു കൂടി ഉള്‍പ്പെടുകയാണെങ്കില്‍ ആകെ എട്ട് ദിവസം വരെ അവധി ലഭിക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതല്‍ സാധാരണ അവധി തുടങ്ങുന്നതിനാല്‍ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി കൂട്ടിയാണ് എട്ട് ദിവസത്തെ ലീവ് ലഭിക്കുക.