Ifthar for labours; ഒരുമിച്ച് നോമ്പ് തുറക്കുന്ന ഒരു വലിയ കുടുംബം പോലെ’; മാര്‍ക്കറ്റ് തൊഴിലാളികള്‍ക്കും ക്ലീനര്‍മാര്‍ക്കും ദിവസവും ഇഫ്താര്‍ ഒരുക്കുന്ന ഒരു ഭക്ഷണശാല; കാരുണ്യത്തിന്റെ കരസ്പര്‍ശം

Ifthar for labours: വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് ഇഫ്താര്‍ ഒരു ആഡംബര വിരുന്നാണ്. കടയില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന ഭക്ഷണം കഴിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്ന അപൂര്‍വ കാലം, അതാണ് അവര്‍ക്ക് റമദാന്‍.

എല്ലാ വൈകുന്നേരവും അസര്‍ നമസ്‌കാരത്തിനുശേഷം മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയ ഭക്ഷണം വിളമ്പുന്ന ഇടമായി മാറും. അവിടെ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടുന്നു. അവിടെയിരുന്ന് അവര്‍ സന്തോഷത്തോടെ ആവി പറക്കുന്ന ചൂടോടെ ബിരിയാണി കഴിക്കുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി, വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിലെ യഹ്‌യ സീഫുഡ് റെസ്റ്റോറന്റ് തൊഴിലാളികള്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സൗജന്യ ഇഫ്താര്‍ ഭക്ഷണം ഒരുക്കുന്നുണ്ട്.

പുണ്യമാസത്തില്‍ ആരും വിശക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന ഇവരുടെ പ്രവൃത്തിയിലൂടെ ഒത്തിരി പേരാണ് ദിനേന നോമ്പു തുറക്കുന്നത്. ഈ വര്‍ഷം മാര്‍ക്കറ്റിലെ ക്ലീനര്‍മാര്‍, സീഫുഡ്, മാംസം, പച്ചക്കറി വില്‍പ്പനക്കാര്‍, മാര്‍ക്കറ്റിലെ സന്ദര്‍ശകര്‍, ഡെലിവറി റൈഡര്‍മാര്‍ എന്നിവരടക്കം പ്രതിദിനം 2,000ത്തിലധികം പേര്‍ക്കാണ് ഇവര്‍ ഇഫ്താര്‍ ഭക്ഷണം ഒരുക്കുന്നത്.

ഇവിടെ ഇഫ്താര്‍ ഒരുക്കങ്ങള്‍ അതിരാവിലെ തന്നെ ആരംഭിക്കും. ഗുണനിലവാരവും പുതുമയും ഉറപ്പാക്കാന്‍ നൂറുകണക്കിന് കിലോഗ്രാം അരിയും 150 കിലോഗ്രാമിലധികം പുതിയ മാംസവും വിപണിയില്‍ നിന്ന് നേരിട്ട് വാങ്ങുന്നു. ഏകദേശം 50 വലിയ പാത്രങ്ങളിലായാണ് പാചകം. അവിടെ ബിരിയാണിയുടെ മനോഹരമായ സുഗന്ധം ഉയരുന്നു. വൈകുന്നേരം 5.30 ഓടെ, ബിരിയാണിയുടെ ആവി പറക്കുന്ന പാത്രങ്ങള്‍ മാര്‍ക്കറ്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിറയും.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പായകള്‍ വിരിച്ചിരിക്കും. ബാങ്കിന്റെ ധ്വനികള്‍ വായുവില്‍ ഉയരുമ്പോള്‍ എല്ലാവരും നോമ്പ് തുറക്കാന്‍ ഈത്തപ്പഴം കെയിലെടുക്കും. തുടര്‍ന്ന് നാലുപേര്‍ക്ക് ഒരുമിച്ച് കഴിക്കാനാകുന്ന വലിയ തളികയില്‍ ബിരിയാണി വിളമ്പും.  

വര്‍ഷങ്ങളായി തങ്ങളെ പിന്തുണച്ച സമൂഹത്തിന് തിരികെ എന്തെങ്കിലും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ റെസ്‌റ്റോറന്റ് അധികൃതര്‍ ഇഫ്താര്‍ പരിപാടി സംഘടിപ്പിക്കുന്നത്.

‘ഒരു ചെറിയ സുഷി റെസ്റ്റോറന്റായി ആരംഭിച്ച ഞങ്ങളുടെ സംരഭം ഇന്ന് വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിലെ ഇക്കാണുന്ന ഞങ്ങളുടെ റെസ്റ്റോറന്റായി വളര്‍ന്നു. ഇതെല്ലാം ഞങ്ങളുടെ ഉപഭോക്താക്കളുടെ സ്‌നേഹവും പിന്തുണയും കൊണ്ടു നേടിയതാണ്. ദുബൈ ഞങ്ങള്‍ക്ക് നല്‍കിയത് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്തതാണ്,’ റെസ്റ്റോറന്റിന്റെ ഉടമയായ യഹ്‌യ ഫായു പറഞ്ഞു.

‘കഴിഞ്ഞ ആറ് വര്‍ഷമായി, വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിലെയും പ്രദേശത്തെയും തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിളമ്പുന്നതിലൂടെ ഞങ്ങള്‍ക്ക് ലഭിച്ചത് ഏറ്റവും മികച്ച രീതിയില്‍ ഞങ്ങള്‍ തിരിച്ചു നല്‍കുകയാണ്. റമദാനിന്റെ ചൈതന്യം പങ്കിടുന്നതിനുള്ള മനോഹരമായ മാര്‍ഗമാണിത്,’ യഹ്‌യ ഫായു കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ വില്‍ക്കുന്ന മാംസം കഴിക്കാന്‍ കഴിയുന്നത് വളരെ അപൂര്‍വമാണ്. എല്ലാ ദിവസവും, ഞങ്ങള്‍ ഏറ്റവും മാംസകഷ്ണങ്ങള്‍ കൈകാര്യം ചെയ്യുന്നു, പക്ഷേ മിക്കപ്പോഴും, ഞങ്ങള്‍ക്ക് ലളിതമായ ഭക്ഷണം മാത്രമേ വാങ്ങാന്‍ കഴിയൂ’ മാര്‍ക്കറ്റിലെ മാംസക്കച്ചവടക്കാരനായ അസ്ഖര്‍ ഖാന്‍ പറഞ്ഞു.

റമദാനില്‍, ഈ ഇഫ്താര്‍ ഒരു അനുഗ്രഹമായി തോന്നുന്നു. ഞങ്ങള്‍ക്ക് ഒരുമിച്ച് ഒരു നല്ല വിരുന്ന് ആസ്വദിക്കാന്‍ കഴിയും. ഇവിടെ ജോലി ചെയ്യുന്ന മറ്റ് നിരവധി പേരുമായി ബിരിയാണി കഴിക്കുന്നത് നല്ല അനുഭവമാണ്,’ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ നോമ്പ് തുറക്കാന്‍ ഒരു സ്ഥലം കണ്ടെത്തുന്നത് എപ്പോഴും ഒരു വെല്ലുവിളിയാണ്. ഞങ്ങള്‍ എല്ലാ വൈകുന്നേരവും കൂട്ടമായി ഇവിടെയെത്തുകയും നോമ്പ് തുറന്നതിനുശേഷം ഹൃദയം നിറഞ്ഞ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഒരുമിച്ച് നോമ്പ് തുറക്കുന്ന ഒരു വലിയ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.’ ഡ്യൂട്ടിയിലായിരിക്കെ നോമ്പ് തുറക്കാന്‍ ഒരിടം കണ്ടെത്താന്‍ പലപ്പോഴും പാടുപെടുന്ന ഡെലിവറി റൈഡര്‍മാര്‍ക്ക് ഈ സംരംഭം അനുഗ്രഹമാണ്. ഡെലിവറി റൈഡറായ അലി ഹസ്സന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top