New law in airlines ; ഏപ്രില്‍ 1 മുതല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഓണ്‍ബോര്‍ഡ് യുഎസ്ബി പോര്‍ട്ടുകള്‍ ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യാനും, വിമാനയാത്രയ്ക്കിടെ സ്വകാര്യ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാനും അനുവാദമുണ്ടാകില്ലെന്ന് എയര്‍ലൈന്‍ പ്രഖ്യാപിച്ചു.

എല്ലാ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനങ്ങളിലും ക്യാബിന്‍ ബാഗേജില്‍ മാത്രമേ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂ, ചെക്ക്ഡ് ബാഗേജില്‍ പവര്‍ ബാങ്കുകള്‍ അനുവദിക്കില്ല.
യാത്രക്കാര്‍ക്ക് പ്രത്യേക അനുമതിയില്ലാതെ 100Wh വരെ ശേഷിയുള്ള പവര്‍ ബാങ്കുകള്‍ കൈയില്‍ കരുതാം. അതേസമയം 100Wh നും 160Wh ഇടയിലുള്ള പവര്‍ ബാങ്കുകള്‍ കയ്യില്‍ കരുതണമെങ്കില്‍ എയര്‍ലൈനിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.
പവര്‍ ബാങ്കുകള്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (IATA) അപകടകരമായ വസ്തുക്കളുടെ നിയന്ത്രണങ്ങള്‍ പ്രകാരം ലിഥിയം ബാറ്ററികളായി തരംതിരിച്ചിട്ടുണ്ടെന്നും, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.
ലിഥിയം അയോണ്‍ ബാറ്ററികളുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ടുള്ള ഇത്തരം നീക്കങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ജനുവരി 28നുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ വിമാന കമ്പനിയായ ബുസാന്‍ എയര്‍ലൈന്‍സ് ഹാന്‍ഡ് ബാഗേജില്‍ പവര്‍ ബാങ്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തായ് എയര്‍വേയ്‌സ്, എയര്‍ ഏഷ്യ, ഇവ എയര്‍, ചൈന എയര്‍ലൈന്‍സ് എന്നിവയും സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്
