ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ചരക്കു തീവണ്ടി ഇടിച്ചു കയറി നിരവധി പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് ചരക്കു തീവണ്ടിയും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ചത്. അപകടമുണ്ടായതിനെത്തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയിൽവേ അറിയിച്ചു. ഇരു ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാർ അടക്കം 15 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. മരിച്ചവരിൽ 3 പേർ റെയിൽവേ ജീവനക്കാരാണ്. പരിക്കേറ്റ അറുപതു പേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ എത്തിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ചരക്കു തീവണ്ടി സിഗ്നൽ തെറ്റിച്ചതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കാഞ്ചൻ ജംഗ എക്സ്പ്രസിന്‍റെ ഗാർഡ് കോച്ചും രണ്ടു പാഴ്സൺ വാനുകളും പൂർണമായും തകർന്ന നിലയിലാണ്. അതു കൊണ്ടു തന്നെ യാത്രക്കാർ ഉണ്ടായിരുന്ന മൂന്നു കോച്ചുകളെ അപകടം കാര്യമായി ബാധിച്ചില്ല. ജനറൽ കംപാർട്മെന്‍റിനെയും അപകടം ബാധിച്ചിട്ടുണ്ട്. തീവണ്ടിക്കടിയിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കുന്ന ദൗത്യം പൂർത്തിയായതായും റെയിൽവേ വക്താവ് വ്യക്തമാക്കി. എൻഡിആർഎഫ്, കരസേന എന്നിവർക്കൊപ്പം നാട്ടുകാരും രക്ഷാദൗത്യത്തിൽ പങ്കാളികളായി.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട് ഉണ്ട്. ത്രിപുരയിലെ അഗർത്തലയിൽനിന്ന് പശ്ചിമ ബംഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയായിരുന്നു. ചരക്കു തീവണ്ടി സിഗ്നൽ മറികടന്ന് പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം റെയിൽവേയും 2 ലക്ഷം വീതം കേന്ദ്രവും ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്.
വിനോദസഞ്ചാരകേന്ദ്രമായ ഡാർജിലിങ്ങിലേക്കുള്ള വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ട്രെയിനിലുണ്ടായിരുന്നെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. കുവൈറ്റ് തീ പിടിത്ത ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നു ഇനിയും മോചിതരാവാത്ത ഇന്ത്യയെ ഈ ദുരന്തം വീണ്ടും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.