ദുബായ്: സന്ദർശക വിസയിൽ യുഎഇയിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ എയർലൈനുകൾ. സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർ അധികൃതർ നിർദേശിച്ചിട്ടുള്ള രേഖകൾ നിർബന്ധമായും കരുതണം. അല്ലാത്തപക്ഷം യാത്രാതടസം നേരിടുമെന്നും എയർലൈനുകൾ അറിയിപ്പ് നൽകി. യാത്രക്കാരന് യാത്രാതടസം നേരിട്ടാൽ അതിനുള്ള നഷ്ടം ട്രാവൽ ഏജന്റിൽ നിന്ന് ഈടാക്കുമെന്ന് ഏജൻസികൾക്ക് എയർലൈനുകൾ മുന്നറിയിപ്പ് നൽകി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഇന്ത്യക്കും യുഎഇക്കുമിടയിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, മറ്റ് എയർലൈനുകൾ തുടങ്ങിയവ ഇത് സംബന്ധിച്ച് ട്രാവൽ ഏജൻസികൾക്ക് നിർദേശങ്ങൾ നൽകി. സാധുതയുള്ള പാസ്പോർട്ട്, റിട്ടേൺ ടിക്കറ്റ്, താമസ വിശദാംശങ്ങൾ, സാമ്പത്തിക തെളിവുകൾ തുടങ്ങിയവ നിർബന്ധമായും കയ്യിൽ കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവരുടെ പാസ്‌പോർട്ടിന് പ്രവേശന തീയതി മുതൽ കുറഞ്ഞത് 6 മാസമെങ്കിലും സാധുതയുണ്ടായിരിക്കണം. സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടൽ റിസർവേഷൻ തെളിവ്, 1 മാസത്തെ വീസയ്ക്ക് 3,000 ദിർഹം (ഏകദേശം 68,000 രൂപ), കൂടുതൽ കാലം താമസിക്കാൻ 5,000 ദിർഹം, കൂടാതെ ബന്ധുക്കളുടെയോ യുഎഇയിൽ താമസ വീസയുള്ള സുഹൃത്തുക്കളുടെയോ രേഖകൾ തുടങ്ങിയവ കരുതിയിരിക്കണം. അല്ലാത്തപക്ഷം വിമാനത്താവളത്തിൽ വച്ച് തന്നെ ബോർഡിംഗ് പാസ് നിഷേധിക്കപ്പെടുമെന്നും ഇതിനായി ചെലവായ തുക ട്രാവൽ ഏജൻസിയിൽ നിന്ന് ഈടാക്കുമെന്നും എയർലൈനുകൾ വ്യക്തമാക്കി.
എയർലൈനുകൾ നൽകിയ മാർഗനിർദേശങ്ങൾ പാലിക്കാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് യാത്ര നിഷേധിക്കപ്പെട്ടാൽ മടക്കയാത്രയുടെ ചെലവ് ട്രാവൽ ഏജൻസി വഹിക്കണം. അതുകൊണ്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിർദേശിക്കപ്പെട്ട രേഖകളെല്ലാം യാത്രക്കാരന്റെ പക്കലുണ്ടെന്നു ട്രാവൽ ഏജൻസികൾ ഉറപ്പാക്കണമെന്ന് അധികൃതർ പറഞ്ഞു.
യുഎഇയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടാൽ യാത്രക്കാരനെ സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടുപോകുന്നത് എയർലൈനിൻറെ ഉത്തരവാദിത്തമാണെന്നും ബോർഡിങ് പാസ് നൽകുന്നതിന് മുമ്പ് കർശനമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും ട്രാവൽസ് അധികൃതർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ ഈ നിർദേശങ്ങൾ പാലിക്കാത്തത് മൂലം മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇന്ത്യയിലേക്ക് തന്നെ മടങ്ങേണ്ടി വന്നിരുന്നു.