Posted By Nazia Staff Editor Posted On

Uae travel;യുഎഇ യാത്രക്കാര്‍ ഈ നിബന്ധനകള്‍ പാലിക്കണം; അല്ലെങ്കില്‍ പെട്ടുപോകും, വിമാന കമ്പനികളുടെ നിര്‍ദേശം

Uae travel:

ദുബായ്: പ്രവാസികളുടെ ഇഷ്ട നാടാണ് യുഎഇ. ജോലി ആവശ്യാര്‍ഥവും ബന്ധുക്കളെ സന്ദര്‍ശിക്കാനും വിനോദ പരിപാടികള്‍ക്കുമെല്ലാം യുഎഇ സന്ദര്‍ശിക്കുന്ന മലയാളികള്‍ നിരവധിയാണ്. എല്ലാവരെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്ന യുഎഇ സമീപകാലത്ത് ചില നിബന്ധനകള്‍ കടുപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അറിയാതെ യുഎഇ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ സങ്കടപ്പെടേണ്ടി വരും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇന്ത്യയ്ക്കും യുഎഇക്കുമിടയില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. യുഎഇയിലേക്ക് പോകുന്നവര്‍ നിര്‍ബന്ധമായും കൈവശം കരുതേണ്ട രേഖകള്‍ സംബന്ധിച്ചാണ് നിര്‍ദേശം. ഇക്കാര്യമറിയാതെ യുഎഇയിലേക്ക് എത്തുന്നവര്‍ ഒരു പക്ഷേ, നാടുകടത്തല്‍ നടപടി വരെ നേരിട്ടേക്കാം. അറിയാം പുതിയ നിബന്ധകള്‍ സംബന്ധിച്ച്…

വിസിറ്റ് വിസയില്‍ യുഎഇയിലേക്ക് പോകുന്നവരാണ് ശ്രദ്ധിക്കേണ്ടത്. ബന്ധുക്കളെ കാണാന്‍ മാത്രമല്ല, ജോലി ആവശ്യങ്ങള്‍ക്ക് പോലും വിസിറ്റ് വിസ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. യുഎഇ സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പാക്കണം എന്നാണ് വിമാന കമ്പനികള്‍ നല്‍കിയ മാര്‍ഗരേഖയില്‍ പറയുന്നത്.

യുഎഇയില്‍ പ്രവേശിക്കുന്നത് മുതല്‍ ആറ് മാസം കാലാവധിയുടെ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. മടക്ക ടിക്കറ്റും കൈവശം കരുതണം. മാത്രമല്ല, യുഎഇയില്‍ എത്തിയാലുള്ള താമസ വിവരങ്ങളും വേണം. സാമ്പത്തിക ഭദ്രത ഉറപ്പാണ് എന്ന് തെളിയിക്കുന്ന രേഖയും നിര്‍ബന്ധമാണ് എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞു.

3000 ദിര്‍ഹം കൈവശമുണ്ടാകണം. അതായത് ഏകദേശം 68000 രൂപയുണ്ടെന്ന രേഖ. ഒരു മാസത്തെ വിസിറ്റ് വിസയ്ക്കാണ് ഈ തുക നിര്‍ദേശിച്ചിരിക്കുന്നത്. അതിനേക്കാള്‍ കൂടുതല്‍ യുഎഇയില്‍ തങ്ങുന്നവര്‍ക്ക് 5000 ദിര്‍ഹം കൈവശമുണ്ടെന്ന രേഖയാണ് വേണ്ടത്. ബന്ധുക്കളോ സുഹൃത്തുക്കളോ യുഎഇയിലുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖയും കരുതണമെന്ന് മാര്‍ഗരേഖയിവിശദീകരിക്കുന്നു.

സ്‌പൈസ്‌ജെറ്റ്, എയര്‍ ഇന്ത്യ തുടങ്ങി നിരവധി വിമാന കമ്പനികളാണ് യുഎഇയിലേക്കുള്ള വിസിറ്റ് വിസയിലെ യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ലഭിച്ച കാര്യം ട്രാവല്‍ ഏജന്റുമാരും സ്ഥിരീകരിച്ചു. യാത്ര തടസപ്പെടാതിരിക്കാന്‍ മതിയായ രേഖകള്‍ കൈവശമുണ്ടാകണമെന്ന് സിദ്ദിഖ് ട്രാവല്‍സ് ഉടമ താഹ സിദ്ദീഖിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മതിയായ രേഖകള്‍ ഇല്ലെങ്കില്‍ നാടുകടത്തല്‍ വരെ നേരിടാന്‍ സാധ്യതയുണ്ടെന്ന് സ്‌പൈസ് ജെറ്റ് ഇറക്കിയ സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. രേഖകള്‍ ഇല്ലെങ്കില്‍ യുഎഇയില്‍ ഇറങ്ങാന്‍ പ്രയാസപ്പെടും. യാത്രക്കാരനെ മടക്കി അയക്കുന്ന സാഹചര്യം വന്നാല്‍ ടിക്കറ്റ് നല്‍കിയ ഏജന്‍സിക്ക് തിരിച്ചടിയാകും. അതുകൊണ്ടുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ ട്രാവല്‍ ഏജന്റുമാര്‍ ഇക്കാര്യം ഉറപ്പ് വരുത്തും.

രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ യുഎഇയില്‍ ഇറങ്ങാന്‍ അനുവദിക്കാത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിലരെ ഇന്ത്യയില്‍ നിന്ന് വിമാനം കയറുന്നതിന് അനുവദിച്ചില്ല എന്ന വിവരങ്ങളും വന്നിരുന്നു. അതുകൊണ്ടുതന്നെ യാത്രയ്ക്ക് പുറപ്പെടും മുമ്പ് എല്ലാവരും രേഖകള്‍ ഉറപ്പ് വരുത്തണം. യാത്രക്കാരനെ യുഎഇ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയക്കുമ്പോള്‍ തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്തം വിമാന കമ്പനികള്‍ക്കാണ്. അതുകൊണ്ടുതന്നെ വിമാന കമ്പനികളും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിമാന കമ്പനികളുടെ ജീവനക്കാര്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ രേഖകള്‍ പരിശോധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *