UAE resident :ദുബായ്: വിദേശത്ത് തൊഴിൽ തേടി പോകുന്ന മിക്കവരും തിരഞ്ഞെടുക്കുന്ന ഗൾഫ് രാജ്യമാണ് യുഎഇ. വീട് വാടകയിലും മറ്റും പരമാവധി ചെലവ് ചുരുക്കി സമ്പാദിക്കുന്ന പണമായിരിക്കും മിക്കവാറും പ്രവാസികളും നാട്ടിലേയ്ക്ക് അയക്കുന്നത്. എന്നാലിപ്പോൾ പ്രവാസികളുടെ സമ്പാദ്യത്തിന് ഇരുട്ടടിയായി യുഎഇയിലെ മിക്ക നഗരങ്ങളിലും വാടകനിരക്ക് വർദ്ധിക്കുകയാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
വാടകയിനത്തിൽ പണം ലാഭിക്കാൻ ആഗ്രഹിക്കുന്ന മിക്കവാറും യുഎഇ നിവാസികൾ തിരഞ്ഞെടുക്കുന്ന നഗരങ്ങളാണ് ഷാർജയും അജ്‌മാനും. എന്നാൽ ആവശ്യക്കാരേറിയതോടെ ഈ രണ്ട് എമിറേറ്റുകളിലും വാടകനിരക്ക് ഉയരുകയാണ്. ഒന്നും രണ്ടും കിടപ്പുമുറികളുള്ള അപ്പാർട്ട്‌മെന്റുകളുടെ വാടക 30 ശതമാനംവരെയാണ് വർദ്ധിച്ചത്.
ദുബായിലെ വാടകനിരക്കിനേക്കാൾ കുറഞ്ഞ തുകയായതിനാലാണ് കൂടുതൽപ്പേരും ഷാർജയും അജ്‌മാനും തിരഞ്ഞെടുക്കുന്നതെന്ന് ഈമാൻ പ്രോപ്പർട്ടീസ് സ്ഥാപകൻ റെയ്‌ഫ് ഹസൻ പറയുന്നു. എന്നാൽ കൊവിഡിനുശേഷം ഡിമാൻഡ് വർദ്ധിച്ചതോടെ ഈ നഗരങ്ങളിലെ വാടകനിരക്ക് വർദ്ധിക്കുകയാണെന്നും റെയ്‌ഫ് വ്യക്തമാക്കി.
മറ്റ് നഗരങ്ങളിൽ താമസിച്ചിരുന്നവർ പോലും ഷാർജയിലേയ്ക്ക് താമസം മാറുന്നതാണ് വാടക കൂടാനുള്ള ഒരു കാരണമെന്ന് എ ആന്റ് എച്ച് റിയൽ എസ്റ്റേറ്റ് മാനേജർ മൊഹമ്മദ് റയാൻ പറയുന്നു. കഴിഞ്ഞവർഷം അവസാനംവരെ ഒറ്റമുറി അപ്പാർട്ട്‌മെന്റിന് ഷാർജയിൽ 24,000 ദിർഹം (5,45,728.32 രൂപ) മുതലായിരുന്നു വാടക. ഇപ്പോഴിത് 30,000 ദിർഹം (6,82,160.43) മുതൽ 35,000 (7,95,563.79) ദിർഹം വരെയായി ഉയർന്നുവെന്നു. രണ്ട് മുറികളുള്ള അപ്പാർട്ട്‌മെന്റിന് 36,000 മുതൽ 52,000 ദിർഹം വരെയാണ് വാടക. ഉയർന്ന നിരക്കായതിനാൽ മിക്കവരും ഒറ്റമുറി അപ്പാർട്ട്‌മെന്റുകളാണ് തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഷാർജയിൽ ആദ്യമൂന്ന് വർഷം വാടക ഫിക്‌സഡ് ആയിരിക്കുമെന്നതാണ് താമസക്കാരെ ആകർഷിക്കുന്ന മറ്റൊരു ഘടകം. അൽ നഹ്‌ദ, അൽ തവൂൻ, അൽ മജാസ് എന്നിവയാണ് കൂടുതൽപ്പേരും താമസത്തിനായി തിരഞ്ഞെടുക്കുന്നത്. ദുബായ് ബസ് സ്റ്റാൻഡ്, ദുബായ് മെട്രോ എന്നിവയോട് ഏറ്റവും അടുത്തുള്ള നഗരമാണ് അൽ നഹ്‌ദ. ഹൈപ്പർമാർക്കറ്റുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, മറ്റ് സൗകര്യങ്ങൾ എന്നിവ കൂടുതലായുള്ള നഗരമായതിനാൽ അൽ തവൂനിലെ താമസ ഇടങ്ങൾക്കും ഡിമാൻഡ് ഏറെയാണ്. വിസ അനുവദിക്കുന്നത് വർദ്ധിച്ചതും യുഎഇയിലെ ജനസംഖ്യാനിരക്ക് വർദ്ധിച്ചതുമാണ് വാടക ഉയരാനുള്ള മറ്റൊരു കാരണമായി വിലയിരുത്തുന്നത്.റാസൽഖൈമയിലെ വ്യവസായത്തിലുണ്ടായ വളർച്ചയും ഷാർജയിലെയും അജ്മാനിലെയും വാകടവീടുകളുടെ ഡിമാന്റിനെ സ്വാധീനിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഉയർന്ന ജീവിതനിലവാരം, സുരക്ഷിതത്വം എന്നിവ മുന്നിൽകണ്ട് നിരവധി വിദേശികൾ യുഎഇയിൽ താമസമാക്കുന്നതും വാടകനിരക്ക് ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നു