IPhone new update;കാലിഫോര്‍ണിയ: ആപ്പിളിന്‍റെ സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ്. പല തിയതികളും പുതിയ ഐഫോണ്‍ മോഡലുകളുടെ പ്രകാശന തിയതിയായി പറയപ്പെടുന്നുണ്ടെങ്കിലും കമ്പനി അധികൃതര്‍ ഇതുവരെ മൗനം വെടിഞ്ഞിട്ടില്ല. അതേസമയം പുതിയ ഐഫോണിനെ കുറിച്ച് ഓരോരോ വിവരങ്ങളായി ലീക്കാകുന്നുമുണ്ട്. സത്യത്തില്‍ എന്നാണ് ഐഫോണ്‍ 16 സിരീസ് അവതരിപ്പിക്കപ്പെടുക, എന്ന് വിപണിയിലേക്ക് എത്തും? ADVERTISEMENTനാല് മോഡലുകളാണ് പുതിയ ഐഫോണ്‍ 16 സിരീസിലുണ്ടാവുക. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണവ. എന്നാല്‍ എന്നാവും ഐഫോണ്‍ 16 സിരീസ് ലോകത്തിന് മുന്നിലെത്തുക. ആപ്പിളിന്‍റെ മുന്‍ മാതൃകകള്‍ വച്ച് നോക്കിയാല്‍ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. കൊവിഡ് കാലം മാറ്റിനിര്‍ത്തിയാല്‍ ഐഫോണ്‍ 5 മുതലുള്ള എല്ലാ മോഡലുകളും അവതരിപ്പിക്കപ്പെട്ടത് സെപ്റ്റംബര്‍ മാസത്തിലായിരുന്നു. ഈ രീതി ആപ്പിള്‍ ഇത്തവണയും തുടരും എന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ അവരുടെ പ്രൊഡക്‌റ്റുകള്‍ പുറത്തിറക്കും മുമ്പ് ഒരു കീനോട്ട് അവതരിപ്പിക്കാറുണ്ട്. ഇത്തവണത്തെ കീനോട്ട് അവതരണം സെപ്റ്റംബര്‍ ആദ്യപകുതിയിലുണ്ടായേക്കും എന്നും ഫോബ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്റ്റംബറിലെ ചൊവ്വാഴ്‌ചകളിലോ ബുധനാഴ്‌ചകളിലോ ആണ് സാധാരണയായി ആപ്പിളിന്‍റെ കീനോട്ട് എത്താറ്. ഇത്തവണ ഈ രീതി മാറിയില്ലെങ്കില്‍ കീനോട്ട് അവതരണം സെപ്റ്റംബര്‍ 3, 4, 10 എന്നിവയില്‍ ഒരുദിനം പ്രതീക്ഷിക്കാം. സെപ്റ്റംബര്‍ 11ന് കീനോട്ട് അവതരണം നടത്തിയ ചരിത്രം ആപ്പിളിന് ഇല്ല. അതിനാല്‍ സെപ്റ്റംബര്‍ 10നായിരിക്കും ഐഫോണ്‍ 16 സിരീസിന് മുമ്പുള്ള കീനോട്ട് അവതരണം എന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം സെപ്റ്റംബര്‍ 20ന് ഐഫോണ്‍ 16 മോഡലുകളുടെ വില്‍പന തുടങ്ങാനാണ് സാധ്യത. ഐഫോണ്‍ 16 സിരീസിന് പുറമെ ഐപാഡും ഐപാഡ് മിനി പ്ലസും, പുതിയ എയര്‍പോഡും പുറത്തിറങ്ങാനുണ്ട്.