ആഗോളതലത്തിൽ ബാധിച്ച സൈബർ തകരാറിൽ വലഞ്ഞ് യു.എ.ഇയിലെ വിവിധ മേഖലകൾ. നിരവധി സർക്കാർ, ബിസിനസ് സംരംഭങ്ങളെയും ഇടപാടുകളെയും -ആഗോളതലത്തിലെ പ്രതിസന്ധി മണിക്കൂറുകളോളം നിശ്ചലമാക്കുന്ന സാഹചര്യമുണ്ടായി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിൽ ഇടപാടുകളൊന്നും നടത്തരുതെന്ന് മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. രണ്ട് മണിക്കൂറിനുശേഷം തകരാർ പരിഹരിച്ച് സർവിസുകൾ പുനരാരംഭിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. മാനവവിഭവ ശേഷി മന്ത്രാലയവും സമാനമായ നിർദേശം ഉപഭോക്താക്കൾക്ക് നൽകുകയുണ്ടായി.
ദുബൈ വിമാനത്താവളത്തിലും താൽക്കാലികമായി പ്രതിസന്ധി ബാധിച്ചതായി വെളിപ്പെടുത്തി. മറ്റു രാജ്യങ്ങളിലേതിന് സമാനമായി ചെക് ഇൻ പ്രക്രിയയെയാണ് തകരാർ ബാധിച്ചത്. ടെർമിനൽ ഒന്ന്, രണ്ട് എന്നിവിടങ്ങളിൽ യാത്രക്കാരുടെ ചെക് ഇൻ അൽപസമയത്തേക്ക് ബാധിച്ചെങ്കിലും അതിവേഗം അധികൃതർ പരിഹാരം കണ്ടെത്തി. പിന്നീട് സർവിസുകൾ സാധാരണ നിലയിലേക്ക് പ്രവർത്തനം തിരിച്ചുവന്നു.
അതേസമയം ഇത്തിഹാദ് എയർലൈൻ തടസ്സങ്ങളില്ലാതെ സാധാരണപോലെ പ്രവർത്തിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ആഗോള തകരാറിന്റെ പ്രതിഫലനമെന്നോണം ചെറിയ തടസ്സമുണ്ടായേക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ഫ്ലൈദുബൈ, എയർ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികളും സർവിസുകളെ തകരാർ ബാധിച്ചിട്ടില്ലെന്ന് അറിയിച്ചു. അതേസമയം സൈബർ തകരാർ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാർ മൂന്നു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും അബൂദബി ആസ്ഥാനമായ വിസ് എയർ ആവശ്യപ്പെട്ടു.
രാജ്യത്ത് വിവിധ സ്ഥാപനങ്ങളിൽ ഓൺലൈൻ പേമെന്റ് അടക്കമുള്ള സേവനങ്ങളെയും തകരാർ ബാധിച്ചു. പലയിടങ്ങളിലും മണിക്കൂറുകളോളം കാഷ്ലെസ് പേമെന്റ് സംവിധാനം നിർത്തി. ചെറുതും വലുതുമായ സ്ഥാപനങ്ങളിൽ പല ഉപഭോക്താക്കളും പണം കൈയിലില്ലാത്തതിനെതുടർന്ന് പ്രയാസപ്പെടുന്ന സാഹചര്യമുണ്ടായി. അതേസമയം യു.എ.ഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ് സൈബർ തകരാർ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് അറിയിച്ചു.
തകരാറിന് കാരണമായ സോഫ്റ്റ്വെയർ ലുലു ഉപയോഗിക്കുന്നില്ലെന്നും അതിനാൽതന്നെ സേവനത്തിന് തടസ്സങ്ങളില്ലെന്നും സിസ്റ്റങ്ങൾ സംരക്ഷിക്കുന്നതിനും തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിനും പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ലുലു ഗ്രൂപ് സി.ഐ.ഒ മുഹമ്മദ് അനീഷ് പറഞ്ഞു.
അതിവേഗ നടപടികൾ സ്വീകരിച്ച് അധികൃതർ
ദുബൈ: ലോകത്താകമാനം ബാധിച്ച സൈബർ തകരാറിൽ യു.എ.ഇയിലെ വിവിധ സൈബർ സുരക്ഷ സംവിധാനങ്ങൾ അതിവേഗം ഇടപെടുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തു. സൈബർ ആക്രമണമല്ല സംഭവിച്ചതെന്ന് സ്ഥിരീകരിച്ച അധികൃതർ സമയാസമയങ്ങളിൽ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തത് ആശ്വാസം പകർന്നു.
ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയർ ഉപയോക്താക്കളോട് ഏതെങ്കിലും സോഫ്റ്റ്വെയർ അപ്ഡേറ്റുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റിൽ സാങ്കേതിക തകരാറുണ്ടെന്നും അത് ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ചേക്കാമെന്നും യു.എ.ഇ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയും അറിയിച്ചിരുന്നു. ദുബൈ സർക്കാർ സേവനങ്ങളെ തകരാർ ബാധിക്കാതിരിക്കാൻ ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെൻറർ അതിവേഗ ഇടപെടലുകൾ നടത്തുകയും ചെയ്തു.
തകരാറിന് കാരണം സൈബർ ആക്രമണമാണെന്നതിന് സൂചനകളൊന്നുമില്ലെന്നും പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങൾ മാത്രം ആശ്രയിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും സെന്റർ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള പ്രധാന സ്ഥാപനങ്ങളെ സ്തംഭിപ്പിച്ച സൈബർ തകരാർ സർക്കാറിന്റെ ചില ഓൺലൈൻ സേവനങ്ങളെയും ബാധിച്ചിരുന്നു.