ആഗോളതലത്തിൽ ബാധിച്ച സൈബർ തകരാറിനെതുടർന്ന് രണ്ടു ദിവസത്തിനിടെ യു.എ.ഇയിൽ റദ്ദാക്കിയത് 10 വിമാന സർവിസുകൾ. വ്യോമയാന മേഖല വിലയിരുത്തുന്ന കമ്പനിയായ സിറിയം ഡാറ്റ പുറത്തുവിട്ട കണക്കനുസരിച്ച് ശനിയാഴ്ച ആകെ 986 വിമാന സർവിസുകളിൽ ആറെണ്ണവും വെള്ളിയാഴ്ച ആകെ 975 സർവിസുകളിൽ നാലെണ്ണവും മാത്രമാണ് റദ്ദാക്കിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
സൈബർ തകരാർ പല രാജ്യങ്ങളിലും വലിയ രീതിയിൽ ബാധിച്ചപ്പോൾ, യു.എ.ഇ വിമാനക്കമ്പനികളും വിമാനത്താവളങ്ങളും ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിച്ചവരുടെ പട്ടികയിലാണുള്ളത്. ലോകത്താകമാനം വിവിധ മേഖലകളെ ഏറിയും കുറഞ്ഞും ബാധിച്ച സൈബർ തകരാർ യു.എ.ഇയിലെ വ്യോമയാന മേഖലയിൽ ചെറിയ ആഘാതമേ എൽപിച്ചിട്ടുള്ളൂവെന്ന് വെള്ളിയാഴ്ച ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) വ്യക്തമാക്കിയിരുന്നു. ചില വിമാന സർവിസുകളുടെ ചെക് ഇൻ പ്രക്രിയയിൽ ചെറിയ കാലതാമസവും നേരിട്ടു.
ബദൽ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് ഇത്തരം വിമാനക്കമ്പനികൾ അതിവേഗം ഈ പ്രശ്നം പരിഹരിക്കുകയും ചെയ്തു. ടെർമിനൽ 1, 2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ബാധിച്ച തകരാർ പരിഹരിച്ച് ഫ്ലൈറ്റ് പ്രവർത്തനങ്ങൾ വേഗത്തിൽ പുനരാരംഭിച്ചതായി ദുബൈ എയർപോർട്ട്സ് അറിയിച്ചിരുന്നു.
ആഗോളതലത്തിൽ ജൂലൈ 20ന് ഏകദേശം 1,04,000 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതിൽ 1,848 എണ്ണമാണ് ശനിയാഴ്ച ഉച്ചയോടെ റദ്ദാക്കിയത്. സൈബർ തകരാർ ലോക സമ്പദ്വ്യവസ്ഥയെ ബാധിച്ച വെള്ളിയാഴ്ച 5,333 വിമാനങ്ങൾ റദ്ദാക്കി. യു.എസ്, ആസ്ട്രേലിയ, ഇന്ത്യ, സ്പെയിൻ, കാനഡ, ഇറ്റലി, യു.കെ, ജർമനി എന്നീ രാജ്യങ്ങളിലാണ് രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്.