എമിറേറ്റിലെ ബർഷയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിച്ചു. 30 നില കെട്ടിടത്തിലുണ്ടായ തീപിടിത്തം അതിവേഗം സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കിയതായി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച രാത്രി 10 ഓടെയാണ് തീപിടിത്തം സംബന്ധിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. ആറു മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തിയ രണ്ട് സ്റ്റേഷനുകളിലെ അഗ്നിശമന സേനാംഗങ്ങൾ അതിവേഗം ആളുകളെ ഒഴിപ്പിക്കുകയും തീയണക്കുകയും ചെയ്തു.
മൂന്നു മണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടുനിന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നടപടിക്രമം അനുസരിച്ച് രക്ഷാപ്രവർത്തനത്തിന് ശേഷം കെട്ടിടം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു.