യുഎഇയിലെ ഉച്ചവിശ്രമ നിയമം നാളെ അവസാനിക്കും; നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്…

അബുദാബി: യുഎഇയിൽ ഉച്ചവിശ്രമ നിയമം നാളെ (15) അവസാനിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15ന് ആരംഭിച്ച നേരിട്ട് സൂര്യപ്രകാശമേൽക്കുന്നവിധം ജോലി ചെയ്യുന്നതിനുള്ള നിരോധനം ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയായിരുന്നു നടപ്പിലാക്കിയിരുന്നത്. 99.9% കമ്പനികളും സ്ഥാപനങ്ങളും നിയമം പിന്തുടർന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ഉച്ചവിശ്രമ വേളകളിൽ 1,34,000 പരിശോധനകൾ നടത്തി. ഇതിലൂടെ 51 ലംഘനങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.മികച്ച പ്രവർത്തനങ്ങളും തൊഴിൽപരമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജോലികൾക്കിടെയുണ്ടാകുന്ന പരുക്കുകളിൽ നിന്നും വേനൽക്കാലത്ത് താപനില ക്രമാതീതമായി വർധിക്കുന്നതിനാൽ മറ്റു അപകടങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം നടപ്പിലാക്കിയ ഒരു സംയോജിത സംവിധാനത്തിന്‍റെ ഭാഗമാണ് ഉച്ചവിശ്രമമെന്ന് മന്ത്രാലയം ഇൻസ്പെക്ഷൻ അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മൊഹ്‌സിൻ അൽ നാസി പറഞ്ഞു.

തുടർച്ചയായി 20-ാം വർഷമാണ് തൊഴിലാളികൾക്ക് മധ്യാഹ്ന വിശ്രമം അനുവദിക്കുന്നത്. ഈ സമയങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സ്ഥലങ്ങളോ ഇൻഡോർ ഏരിയയോ നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. കൂടാതെ നിർബന്ധമായും കൂളിങ് ഉപകരണങ്ങളും നൽകണം. പകലിന്‍റെ ഏറ്റവും ചൂടേറിയ സമയത്ത് അവരുടെ ആരോഗ്യവും സുരക്ഷയും ഇത് ഉറപ്പാക്കുന്നുവെന്നും വ്യക്തമാക്കി.

അവശ്യ സേവനങ്ങൾ, സാങ്കേതിക കാരണങ്ങളാൽ അല്ലെങ്കിൽ അടിസ്ഥാനാവശ്യങ്ങളുടെ അറ്റകുറ്റപ്പണികള്‍ പോലുള്ള പൊതുജനക്ഷേമത്തെ ബാധിക്കുന്ന അടിയന്തര സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ജോലികൾക്കായി ഉച്ചവിശ്രമ നിയമത്തിൽ ഇളവുകളുണ്ട്. എന്നാൽ, ഇത്തരം ജോലിക്കാർക്ക് നിരോധിത സമയങ്ങളിൽ തണലുള്ള സ്ഥലങ്ങളും തണുപ്പിക്കാനുള്ള ഉപകരണങ്ങളും മതിയായ ജലാംശം, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ എന്നിവയും നൽകാന്‍ കമ്പനികൾ നിർബന്ധിതരാണ്.

ഉച്ചവിശ്രമനിയമം ലംഘിക്കുന്ന കമ്പനികൾ ഓരോ തൊഴിലാളിയുടെ പേരിലും 5,000 ദിർഹം വരെയും ഒന്നിലധികം ലംഘനങ്ങൾക്ക് പരമാവധി 50,000 ദിർഹം വരെയും പിഴയൊടുക്കണമെന്നാണ് ചട്ടം. അവബോധം വളർത്തുന്നതിനും ഉച്ചഭക്ഷണ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മന്ത്രാലയം അതിന്‍റെ പങ്കാളികളുമായി സഹകരിച്ച് തൊഴിലാളികളെയും തൊഴിലുടമകളെയും ബോധവത്കരിക്കുന്നതിന് ക്യാംപെയ്നുകളും സൈറ്റ് സന്ദർശനങ്ങളും നടത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top