Suspension for Melshanti; പ്രവാസി മലയാളി കുടുംബം പൂജിച്ചു നൽകാൻ ഏൽപിച്ച ഒന്നര ലക്ഷം രൂപയുടെ നവരത്നമോതിരം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിലെ മേൽശാന്തി പണയം വച്ചു. പരാതിയെത്തുടർന്നു മേൽശാന്തിയെ സസ്പെൻഡ് ചെയ്തു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ആഴ്ചകൾക്കു ശേഷം മോതിരം തിരികെ നൽകിയെങ്കിലും ദേവസ്വത്തിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്. വൈക്കം ഡപ്യൂട്ടി കമ്മിഷണർ ഓഫിസിന്റെ പരിധിയിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി കെ.പി. വിനീഷിനെയാണു സസ്പെൻഡ് ചെയ്തത്.
ദുബായിൽ ജോലി നോക്കുന്ന പറവൂർ സ്വദേശിയും കുടുംബവുമാണു മോതിരം മേൽശാന്തിയെ ഏൽപിച്ചത്. 21 ദിവസത്തെ പൂജ ചെയ്താൽ കൂടുതൽ ഉത്തമമാകുമെന്നു വിശ്വസിപ്പിച്ചു. ഒടുവിൽ മേൽശാന്തിയെ കണ്ട പ്രവാസി മലയാളിക്കു ദിവസങ്ങൾ നീണ്ട പൂജകളുടെ പൂവും ചന്ദനവും മാത്രമാണു പ്രസാദമായി പട്ടിൽ പൊതിഞ്ഞു കിട്ടിയത്. മോതിരം കൈമോശം വന്നെന്നാണു മേൽശാന്തി പറഞ്ഞത്. പ്രവാസിയും കുടുംബവും ദേവസ്വം കമ്മിഷണർക്കു പരാതി നൽകിയതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോതിരം പണയം വച്ചെന്നു മേൽശാന്തി സമ്മതിച്ചു. അന്വേഷണത്തിനിടയിൽ പിന്നീട് മേൽശാന്തി മോതിരം തിരികെ നൽകി. എന്നാൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം കമ്മിഷണറുടെ ഉത്തരവു പ്രകാരം സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതേ സമയം മോതിരം യഥാവിധി രസീത് എഴുതി വഴിപാടായി ക്ഷേത്രത്തിൽ ഏൽപിച്ചതല്ലെന്നും മേൽശാന്തിയുമായി വഴിപാടുകാർ നേരിട്ട് ഇടപാട് നടത്തുകയായിരുന്നുവെന്നുമാണു തിരുമൂഴിക്കുളം ദേവസ്വം അധികൃതർ പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്ഐ എസ്.വി. ബിജു പറഞ്ഞു.
തിരുമൂഴിക്കുളം ദേവസ്വത്തിലെത്തന്നെ കീഴ്ശാന്തി മനോജിനെ മേടവിഷു ഡ്യൂട്ടിക്കു ശബരിമലയിൽ ആടിയ നെയ്യ് മറിച്ചുവിറ്റെന്ന പരാതിയിൽ കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു ശാന്തിക്കാരും സസ്പെൻഷനിലായതോടെ തിരുവാലൂർ സബ്ഗ്രൂപ്പിൽപെട്ട കീഴാനിക്കാവ് ദേവസ്വം ശാന്തി എം.ജി. കൃഷ്ണനെ പകരം നിയമിച്ചു.
Suspension for Melshanti who pawned Navaratna ring of expatriate