നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് വിശ്രമിക്കാൻ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക ലോഞ്ച് ആരംഭിച്ചു. ടെർമിനൽ രണ്ടിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക വിശ്രമസ്ഥലം അനുവദിച്ചിട്ടുള്ളത്. ലോകത്ത് ഇതാദ്യമായാണ് ഭിന്നശേഷി വിഭാഗങ്ങൾക്ക് വിമാനത്താവളത്തിൽ പ്രത്യേക വിശ്രമസ്ഥലം അനുവദിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
വീൽചെയർ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ വിശ്രമസ്ഥലം ഓട്ടിസം, കാഴ്ചപരിമിതർ, ബധിരർ തുടങ്ങിയ ഭിന്നശേഷി വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷ്മമായി രൂപകൽപന ചെയ്തതാണ്. ഭിന്നശേഷിക്കാരായ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ശാന്തമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
കൂടാതെ ഇന്ററീരിയർ ഡിസൈനുകൾ ആധുനിക ദുബൈയെ പ്രതിഫലിപ്പിക്കുന്നതാണ്. കാഴ്ച വൈകല്യമുള്ളവർക്ക് സഞ്ചാരം സുഗമമാക്കുന്നതിന് തിരിച്ചറിയാൻ കഴിയുന്ന പ്രതലങ്ങളും കേൾവി വൈകല്യമുള്ളവർക്ക് നേരിട്ട് ആശയവിനിമയം എളുപ്പമാക്കുന്നതിന് ജീവനക്കാരോട് ചേർന്നുള്ള ഇരിപ്പിടങ്ങളും ഇതിനകത്തുണ്ട്. ഓട്ടിസമുള്ളവർക്ക് മാനസിക സമ്മർദം കുറക്കാൻ സഹായിക്കുന്ന രീതിയിലാണ് അകമൊരുക്കിയിരിക്കുന്നത്. കൂടാതെ മുതിർന്നവർ അനുഗമിക്കാത്ത കുട്ടികൾക്ക് വിശ്രമിക്കാനുള്ള പ്രത്യേക ഇടവും ഇവിടെ നിർമിച്ചിട്ടുണ്ട്.
ദുബൈ എയർപോർട്ടുകൾ, ഡിനാട്ട എന്നിവയുടെ സഹകരണത്തിലാണ് പുതിയ ലോഞ്ചുകളുടെ നിർമാണം. വൈകാതെ മറ്റ് ടെർമിനലുകളിലും സമാന രീതിയിൽ ലോഞ്ചുകൾ തുറക്കാനാണ് പദ്ധതിയെന്ന് ദുബൈ എയർപോർട്ടുകളുടെ സി.ഇ.ഒ മാജിദ് അൽ ജോക്കർ പറഞ്ഞു.