സന്ദര്‍ശകവിസയില്‍ ജോലിതേടി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പോയി മടങ്ങിവരാത്ത ഇന്ത്യക്കാരില്‍ 2659 മലയാളികളെന്ന് റിപ്പോര്‍ട്ട്. ചതിയില്‍പ്പെട്ട ഇവരെ ഉപയോഗിച്ചാണ് ഇന്ത്യയിലുള്‍പ്പെടെ സൈബര്‍ത്തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് വിവരം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ പുറത്തുവിട്ടതാണ് വിവരം. 2022 ജനുവരിക്കും 2024 മേയ്ക്കുമിടയിലായി കംബോഡിയ, തായ്ലാന്‍ഡ്, മ്യാന്‍മാര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശകവിസയില്‍ പോയ 73,138 പേരില്‍ 29,466 പേര്‍ മടങ്ങിവന്നിട്ടില്ലെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ റിപ്പോര്‍ട്ടിലുള്ളത്.
നേരത്തേ കേന്ദ്ര സൈബര്‍ ക്രൈം കോഡിനേഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് മടങ്ങിവരാത്ത ഇന്ത്യക്കാരുടെ എണ്ണം 39,735 ആണ്. ഇമിഗ്രേഷന്‍ ബ്യൂറോയുടെ കണക്കനുസരിച്ച് പഞ്ചാബില്‍നിന്നാണ് ഏറ്റവുമധികം പേര്‍ സന്ദര്‍ശകവിസയില്‍ പോയി മടങ്ങിവരാത്തത് – 3667 പേര്‍. മഹാരാഷ്ട്രയില്‍നിന്ന് 3233 പേരും തമിഴ്നാട്ടില്‍നിന്ന് 3124 പേരും ഉത്തര്‍പ്രദേശില്‍നിന്ന് 2946 പേരും മടങ്ങിവരാത്തവരായുണ്ട്. ഇക്കാര്യത്തില്‍ അഞ്ചാംസ്ഥാനത്താണ് കേരളം.
മടങ്ങിവരാത്തവരില്‍ ഏറ്റവുമധികംപേര്‍ 20-നും 29-നുമിടയ്ക്ക് പ്രായമുള്ളവരാണ്- 8777 പേര്‍. 30-നും 39-നുമിടയ്ക്ക് പ്രായമുള്ള 8338 പേര്‍ മടങ്ങിവരാത്തവരായുണ്ട്. 40-നും 49-നുമിടയ്ക്ക് പ്രായമുള്ളവരില്‍ 4819 പേര്‍ മടങ്ങിവരാത്തവരായുണ്ട്. ഒമ്പത് വയസ്സുവരെയുള്ള 1543 കുട്ടികളും ഇത്തരത്തില്‍ മടങ്ങിവരാത്തവരായുണ്ടെന്നാണ് ഇമിഗ്രേഷന്‍ ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നത്.