Weather alert in uae;അബുദാബി: യു എ ഇയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലയിടത്തും മഴ പെയ്യുന്നുണ്ട്. ഫുജൈറയിലും ഷാര്‍ജയിലുമാണ് കഴിഞ്ഞ ആഴ്ച ഭേദപ്പെട്ട മഴ പെയ്തത്. അബുദാബിയിലും മറ്റും താരതമ്യേന മഴ കുറവായിരുന്നു. സെപ്തംബര്‍ 24 ഓടെ രാജ്യത്തെ വേനല്‍ക്കാലം അവസാനിച്ചിരുന്നു. അതിനാല്‍ തന്നെ കഴിഞ്ഞ ദിവസങ്ങളിലെ മഴ ‘അല്‍ വാസ്മി’ സീസണിന്റെ ഭാഗമാണ് എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
എന്നാല്‍ ഇപ്പോള്‍ പെയ്യുന്നത് അല്‍ വാസ്മി സീസണിന്റെ ഭാഗമായുള്ള മഴയല്ല എന്നാണ് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിക്കുന്നത്. യു എ ഇയിലെ ‘അല്‍ വാസ്മി’ സീസണ്‍ ഔദ്യോഗികമായി ഒക്ടോബര്‍ പകുതിയോടെയേ ആരംഭിക്കൂ. അതായത് ഇനിയും മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞ ശേഷമേ മഴക്കാലം തുടങ്ങൂ. ഇത് ഡിസംബര്‍ ആറ് വരെ നീണ്ടുനില്‍ക്കുകയും ചെയ്യും.
എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ ചെയര്‍മാനും അറബ് യൂണിയന്‍ ഫോര്‍ സ്പേസ് സയന്‍സസ് ആന്‍ഡ് അസ്‌ട്രോണമി അംഗവുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ ആണ് ഇക്കാര്യം അറിയിക്കുന്നത്. ‘അല്‍ വാസ്മി’ അറബ് കലണ്ടറിലെ ഏറ്റവും പ്രിയങ്കരമായ കാലഘട്ടങ്ങളിലൊന്നാണ്. കാരണം ഈ സമയം രാജ്യത്തുടനീളം മിതമായ താപനിലയാണ് അനുഭവപ്പെടുക.
അല്‍ വാസ്മി ‘സഫ്രി’ സീസണിനെ പിന്തുടരുകയും ‘സുഹൈല്‍’ നക്ഷത്രം ഉദിച്ചുയരുമ്പോള്‍ ശരത്കാലത്തിന്റെ ആഗമനത്തെ അടയാളപ്പെടുത്തുകയും ചെയ്തുവെന്ന് ഇബ്രാഹിം അല്‍ ജര്‍വാന്‍ അഭിപ്രായപ്പെട്ടു. അല്‍ വാസ്മി സമയത്ത് പകല്‍ താപനില കൂടുതല്‍ മിതമായതായിത്തീരും. രാത്രികളില്‍ തണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങുന്നു, സീസണ്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് രാത്രികള്‍ കൂടുതല്‍ തണുക്കുകയും പകല്‍ താപനില കുറയുകയും ചെയ്യുന്നു.
ഡിസംബര്‍ ആറിന് അല്‍ വാസ്മി സീസണ്‍ അവസാനിക്കുന്നതോടെ ശൈത്യകാലത്തിന്റെ തുടക്കമാകും. ഇതോടെ രാജ്യത്ത് പൊതുവെ തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പകല്‍ സമയത്ത് 30 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രിയില്‍ 12 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില താഴുന്നതിനാല്‍ ഈ സീസണ്‍ കൃഷിക്ക് പ്രയോജനകരമാണ്. മാത്രമല്ല അല്‍ വാസ്മി കാലത്ത് പെയ്യുന്ന മഴ ഭൂമിക്ക് ഗുണകരമാണ്. കുറഞ്ഞ ബാഷ്പീകരണ നിരക്ക് ഭൂഗര്‍ഭ ജല ശേഖരം നിറയ്ക്കാന്‍ സഹായിക്കുന്നതാണ് ഇതിന് കാരണം.