തിരിച്ചടിക്ക് ഒരുങ്ങി ഇസ്രായേൽ; വ്യോമാക്രമണത്തിനു പിന്നാലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി നെതന്യാഹവും പ്രതിരോധ മന്ത്രിയും

റാന്റെ തലസ്ഥാനമായ തെഹ്‌റാനിലേക്കുള്ള വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലൻഡും സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ഇറാന്റെ തിരിച്ചടി മുന്നിൽ കണ്ടാണിതെന്നാണ് റിപോർട്ട്. വ്യോമാക്രമണത്തിനിടെ ഇരുവരും ഭൂഗർഭ അറയിലെ ബങ്കറുകളിലാണ് കഴിഞ്ഞത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കുമൊപ്പം ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രിയും ഇറാനിലെ വ്യോമാക്രമണം വിലയിരുത്തുന്ന തരത്തിൽ ഒരു ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

പ്രാദേശിക സമയം പുലർച്ചെ 2.10-ഓടെയാണ് ഇസ്രായേൽ വ്യോമാക്രമണം തുടങ്ങിയത്. ഇസ്രായേൽ വ്യോമസേന (ഐ.എ.എഫ്) മേധാവി മേജർ ജനറൽ ടോമർ ബാറിനൊപ്പം ഇസ്രായേൽ സൈനിക മേധാവി ലെഫ്. ജനറൽ ഹെർസി ഹാലെവിയാണ് വ്യോമാക്രമണത്തിന് മേൽനോട്ടം വഹിച്ചത്. തെൽ അവീവിലെ കിർയയിലുള്ള സൈനിക താവളത്തിലെ ഐ.എ.എഫ് കമാൻഡ് കേന്ദ്രത്തിലിരുന്ന് ഇരുവരും ആക്രമണനീക്കങ്ങൾ നിരീക്ഷിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

കിഴക്കൻ പടിഞ്ഞാറൻ തെഹ്‌റാനിലെ സൈനിക താവളങ്ങളും അൽബോർസ് പ്രവിശ്യയിലെ കറാജ് നഗരത്തിലുള്ള ആണവനിലയങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രായേൽ മാധ്യമ റിപോർട്ടുകൾ. ഏഴ് സൈനിക താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സും വ്യക്തമാക്കി.

വ്യോമാക്രമണത്തെ തുടർന്നുണ്ടായ ഉഗ്ര സ്‌ഫോടനങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. പത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിനിടയിൽ തെഹ്‌റാനിൽ മാത്രം അഞ്ചിലധികം വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു. സ്‌ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക റിപോർട്ട്. എന്നാൽ, ആളപായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇറാന്റെ നിരന്ത പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും തിരിച്ചടി എന്തായാലും നേരിടാൻ സജ്ജമാണെന്നും ഇസ്രായേൽ വ്യക്തമാക്കി. എന്നാൽ, സൈനിക താവളങ്ങളിലൊന്നും മിസൈലുകൾ പതിച്ചിട്ടില്ലെന്നും ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായും ‘ഇർന’ ഉൾപ്പെടെയുള്ള ഇറാൻ വാർത്താ ഏജൻസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

ഇസ്രായേലിന്റെ സ്വയം പ്രതിരോധമെന്നാണ് ആക്രമണത്തെ യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് സീൻ സാവെറ്റ് വിശേഷിപ്പിച്ചത്. ഫലസ്തീനു നേരെയുള്ള ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് മുന്നറിയിപ്പായി ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് ഇസ്രായേലിന് നേരെ ഇറാൻ 200-ഓളം ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ കാര്യമായ ആളപായമുണ്ടായില്ലെങ്കിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേൽ പ്രതികരിച്ചിരുന്നു. എന്തായാലും വരും മണിക്കൂറുകളും ദിവസങ്ങളും മേഖലയിൽ കൂടുതൽ സംഘർഷാന്തരീക്ഷം മുഴച്ചുനിൽക്കാനുള്ള സാധ്യത മാത്രമാണിപ്പോഴുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top