UAE Law; യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് തൊഴിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളോട് കമ്പനി ഉടമകൾ പാലിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നിയമങ്ങളും നിബന്ധനകളും അനുസരിച്ചാണ് തൊഴിലാളികളുടെ നിയമനമെന്നും നിഷ്കർഷിക്കുന്നുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഒരു വ്യക്തിയെ ജോലിക്ക് നിയമിക്കുമ്പോൾ ആ വ്യക്തിക്ക് നൽകുന്ന ജോലിയുടെ സ്വഭാവം, ഡ്യൂട്ടി സമയം, വേതനം, മറ്റു ആനുകൂല്യങ്ങൾ എന്നിവ അടങ്ങിയ ഓഫർ ലെറ്റർ നൽകണം. ഓഫർ ലെറ്ററിൽ പറഞ്ഞതിനെക്കാൾ കൂടുതൽ ആനുകൂല്യം തൊഴിൽ കരാറിൽ ചേർക്കാൻ അനുമതിയുണ്ടെങ്കിലും കുറയ്ക്കാൻ പാടില്ല.
തൊഴിൽ നിയമത്തിനു വിരുദ്ധമായ വ്യവസ്ഥകൾ തൊഴിൽ കരാറിൽ എഴുതി ചേർക്കാനും പാടില്ല. മന്ത്രാലയം അംഗീകരിച്ച ജോബ് ഓഫർ ലെറ്ററുകളിലെ സീരിയൽ നമ്പറിലൂടെ (ബാർകോഡ്) ആധികാരികത പരിശോധിച്ചറിയാനാകും. തൊഴിലാളികളുടെ ഫയലുകളും രേഖകളും കൃത്യമായി പരിപാലിക്കുകയും ആവശ്യപ്പെട്ടാൽ മന്ത്രാലയത്തിൽ സമർപ്പിക്കുകയും വേണം. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ബാങ്ക് കാർഡ് തുടങ്ങി ഔദ്യോഗിക രേഖകൾ പിടിച്ചെടുക്കരുത്.
യുഎഇ തൊഴിൽ നിയമം അനുസരിച്ച് അനുയോജ്യമായ പാർപ്പിടം ഒരുക്കാത്ത കമ്പനി ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. താമസസൗകര്യം ഇല്ലെങ്കിൽ താമസ അലവൻസ് നൽകൽ നിർബന്ധമാണ്. തൊഴിലാളിക്ക് സുരക്ഷിതവും അനുയോജ്യവുമായ തൊഴിൽ അന്തരീക്ഷവും അനുബന്ധ ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കേണ്ടത് തൊഴിലുടമയാണ്.
ജോലി സ്ഥലത്തെ അവകാശങ്ങളെക്കുറിച്ച് തൊഴിലാളികൾ ബോധവാന്മാരാക്കണം. തൊഴിലാളിയുടെ ചികിത്സാ ചെലവുകൾ വഹിക്കേണ്ടത് കമ്പനി ഉടമയാണ്. ഇൻഷുറൻസ് പ്രീമിയവും തൊഴിലുടമ അടയ്ക്കണം. തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യാൻ തൊഴിലാളിയെ അനുവദിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുത്.
ജോലി അവസാനിപ്പിച്ചാലും 2 വർഷംവരെ രേഖകൾ സൂക്ഷിക്കണം. ജോലി മതിയാക്കിയ തൊഴിലാളിയെ രാജ്യം വിടാൻ നിർബന്ധിക്കരുത്. വേറെ ജോലിയിലേക്കു മാറാൻ ആഗ്രഹമുള്ളവരെ തടയാൻ പാടില്ല. തൊഴിലാളിയുടെ ശമ്പളവും ആനുകൂല്യങ്ങളും മുഴുവനായി നൽകണമെന്നും നിർദേശമുണ്ട്.
നൈപുണ്യം വികസനത്തിനു തൊഴിലാളികൾക്ക് മതിയായ പരിശീലനം നൽകുക, ജോലിക്കിടയിൽ ഉണ്ടായേക്കാവുന്ന പരുക്കിൽനിന്നും രോഗങ്ങളിൽനിന്നും രക്ഷനേടാൻ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും നൽകുക, അപകടസാധ്യതകൾ ഒഴിവാക്കാൻ തൊഴിലാളികളെ ബോധവൽക്കരിക്കുക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തൊഴിൽ നിയമത്തെക്കുറിച്ച് തൊഴിലാളികൾക്കു മനസ്സിലാകുന്ന ഭാഷയിൽ ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രധാന മറ്റു നിർദേശങ്ങൾ.