Uae law; അബുദാബി: മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികൾ തൊഴിൽ ചെയ്യുന്ന ഗൾഫ് രാജ്യമാണ് യുഎഇ. വരുമാനവും സമ്പാദ്യവും ലഭിക്കുന്നുണ്ടെങ്കിലും യുഎഇയിൽ പലവിധ തട്ടിപ്പുകൾക്കും പ്രവാസികൾ ഇരയാകാറുണ്ട്. ഇത്തരത്തിൽ ബാങ്കിംഗ് തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്ന കേസുകൾ യുഎഇയിൽ വർദ്ധിക്കുകയാണ്. യുഎഇയിൽ ഈ വിധത്തിൽ പണം നഷ്ടമായാലും അത് തിരികെ ലഭ്യമാക്കാൻ സാധിക്കുമെന്ന് എത്രപേർക്കറിയാം?
ഇ-പേയ്‌മെന്റ് ട്രാൻസാക്ഷനുകളിലൂടെയും പേയ്‌മെന്റ് വെബ്‌സൈറ്റുകളിലൂടെയും പണം തട്ടുന്നതും ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് തിരിമറികളും തട്ടിപ്പുകളും നടത്തുന്നതും യുഎഇയിൽ കുറ്റകരമാണ്. രണ്ട് മില്യൺ ദിർഹമിലധികം പിഴയും തടവുമാണ് ശിക്ഷ.
അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങൾ മൂലം ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടായാൽ ധനകാര്യ സ്ഥാപനങ്ങൾ അവരുടെ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ നിയമം നിഷ്‌കർഷിക്കുന്നു. എന്നാൽ ഉപഭോക്താവിന്റെ കടുത്ത അശ്രദ്ധയോ വഞ്ചനാപരമായ പെരുമാറ്റമോ മൂലം സാമ്പത്തിക നഷ്ടമുണ്ടായാൽ നഷ്ടപരിഹാരം നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരല്ലെന്നും നിയമം വ്യക്തമാക്കുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ, സൈബർ ആക്രമണം, സ്വത്തുക്കളുടെയും വിവരങ്ങളുടെയും ദുരുപയോഗം എന്നിവയുടെ ഫലമായുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്കും ചെലവുകൾക്കും ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾ സമയബന്ധിതമായി ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് നിയമത്തിൽ ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്നവർ ആദ്യം ബാങ്കിൽ പരാതി നൽകണം. പരാതിയിൽ ബാങ്ക് അന്വേഷണം നടത്തിയതിനുശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. ബാങ്ക് പരാതി തള്ളിയാൽ യുഎഇ സെൻട്രൽ ബാങ്കിനെ സമീപിക്കാവുന്നതാണ്. ഇതൂകൂടാതെ സാമ്പത്തിക ഇടപാട് വിവരങ്ങൾ അടക്കം പൊലീസിൽ പരാതി നൽകുകയും വേണം.