Uae kerala gold price; സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ രേഖപ്പെടുത്തിയത്. പവന് 58280 വരെ ഉയര്‍ന്ന സ്വര്‍ണം രണ്ട് ദിവസത്തിനിടെ 57120 രൂപയിലെത്തി. അടുത്ത ദിവസം മുതല്‍ വില വീണ്ടും മാറുമെന്നാണ് വിവരം. യുഎഇ പ്രവാസികളെ സംബന്ധിച്ചിടത്തോളം അവിടെ നിന്ന് സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. കേരളത്തിലെയും യുഎഇയിലെയും വില താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമുണ്ട്.
അന്തര്‍ദേശീയ തലത്തില്‍ സ്വര്‍ണവിലയില്‍ കുറവ് വരുന്നു എന്നതാണ് പുതിയ ട്രെന്‍ഡ്. ഉയര്‍ന്ന വിലയിലേക്ക് എത്തിയതോടെ നിക്ഷേപകര്‍ വന്‍തോതില്‍ വിറ്റഴിക്കുകയും ലാഭം കൊയ്യുകയുമായിരുന്നു. വില്‍പ്പന വര്‍ധിച്ചതോടെ വില ഇടിയാന്‍ തുടങ്ങിയതിന്റെ പ്രതിഫലനമാണ് കേരളത്തിലും യുഎഇയിലും കണ്ടത്. രണ്ടിടത്തേയും സ്വര്‍ണവില സംബന്ധിച്ച് അറിയാം…
കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 57120 രൂപയും ഗ്രാമിന് 7140 രൂപയുമാണ് ഇന്നത്തെ വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞാണ് ഈ വിലയിലെത്തിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 5895 രൂപയുമാണ്. കേരളത്തില്‍ ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് വില 57200 രൂപയായിരുന്നു. രണ്ടാഴ്ച കഴിയുമ്പോള്‍ അന്നത്തെ വിലയേക്കാള്‍ 80 രൂപ മാത്രമാണ് ഇന്ന് കുറവുള്ളത്.
ഇനി യുഎഇയിലെ കാര്യം വിശദീകരിക്കാം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 297 ദിര്‍ഹമാണ് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് നല്‍കിയിരിക്കുന്ന വില. യുഎഇ മണി ട്രാന്‍സ്ഫര്‍ എക്സ്ചേഞ്ച് റേറ്റ് പ്രകാരം ഒരു ദിര്‍ഹത്തിന് 22.97 രൂപയാണ് ഇന്നത്തെ മൂല്യം. സ്വര്‍ണം ഗ്രാം വില ദിര്‍ഹത്തില്‍ നിന്ന് രൂപയിലേക്ക് മാറ്റുമ്പോള്‍ 6822 രൂപ വരും.
അതായത്, കേരളത്തിലെ സ്വര്‍ണവിലയും യുഎഇയിലെ സ്വര്‍ണവിലയും തമ്മില്‍ ഗ്രാമിന് 317.91 രൂപയുടെ വ്യത്യാസമുണ്ട്. ഇനി ഇത് ഒരു പവനിലേക്ക് മാറ്റുമ്പോള്‍ 2543 രൂപയുടെ മാറ്റം വരും. യുഎഇയില്‍ നിന്ന് 22 കാരറ്റ് ഒരു പവന് സ്വര്‍ണം വാങ്ങുമ്പോള്‍ കേരളത്തില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ 2500 രൂപയിലധികം ലാഭം ലഭിക്കുമെന്ന് ചുരുക്കം.
കേരളത്തില്‍ ഒരു പവന് ആഭരണം വാങ്ങുമ്പോള്‍ എത്ര രൂപ ചെലവ് വരുമെന്ന് പറയാം. സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയാണ് ജ്വല്ലറികള്‍ ഉപഭോക്താവില്‍ നിന്ന് ഈടാക്കുക. കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. അതായത്, ഒരു പവന് സ്വര്‍ണത്തിന്റെ വിലയായ 57120 രൂപയ്ക്കൊപ്പം പണിക്കൂലിയായി 2856 രൂപ കൂടി ചേര്‍ക്കേണ്ടി വരും…
ഈ രണ്ട് സംഖ്യയും ചേര്‍ത്തുള്ള തുകയുടെ മൂന്ന് ശതമാനം ജിഎസ്ടിയായും നല്‍കണം. അതായത്, മൊത്തം ചെലവ് 61800 രൂപ വരും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി വീണ്ടും വര്‍ധിക്കും. യുഎഇയില്‍ നിന്നാണ് സ്വര്‍ണം വാങ്ങുന്നതെങ്കിലും പണിക്കൂലി വേണ്ടി വരും. ലോകത്തെ എല്ലാ ഡിസൈനിലുള്ള ആഭരണങ്ങളും യുഎഇയില്‍ ലഭിക്കുമെന്നതും നേട്ടമാണ്.