Uae employment law; അബുദാബി: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. തൊഴിൽ തേടി പതിനായിരക്കണക്കിന് പേർ യുഎഇയിലേയ്ക്ക് ദിവസേന വിമാനം കയറുകയും ചെയ്യുന്നു. രാജ്യത്തിന്റെ സമ്പദ്‌ഘടനയിൽ വലിയ സംഭാവനയാണ് പ്രവാസികൾ നൽകുന്നത്. അതിനാൽ തന്നെ വിദേശ തൊഴിലാളികൾക്ക് യുഎഇയുടെ തൊഴിൽ സംരക്ഷണവും നൽകുന്നു.
തെറ്റായ തൊഴിൽ പ്രവണതകളിൽ നിന്നും അപ്രതീക്ഷിതമായ പിരിച്ചുവിടലുകളിൽ നിന്നും യുഎഇയിലെ തൊഴിൽ നിയമം പ്രവാസികൾക്ക് സംരക്ഷണം നൽകുന്നു. സാധുവായ കാരണമോ നിയമാനുസൃത നടപടിക്രമമോ ഇല്ലാതെ ജീവനക്കാരെ പിരിച്ചുവിടുന്നില്ലെന്നും പിരിച്ചുവിട്ടതിനുശേഷം അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നും നിയമം ഉറപ്പുവരുത്തുന്നു. അതിനാൽ തന്നെ യുഎഇയിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
തൊഴിൽ കരാർ അവസാനിപ്പിക്കാവുന്ന പ്രധാന സാഹചര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം:
*കരാർ കാലാവധി അവസാനിക്കുകയും കരാർ പുതുക്കുകയോ നീട്ടുകയോ ചെയ്യാതിരിക്കുമ്പോൾ
*തൊഴിൽ ദാതാവും തൊഴിലാളിയും പരസ്‌പര സമ്മതത്തോടെ കരാർ അവസാനിപ്പിക്കുമ്പോൾ. ഇവയിൽ ആരെങ്കിലും ഒരാൾ കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുമ്പോൾ പിരിച്ചുവിടൽ നിയമങ്ങളും നോട്ടീസ് പിരീഡ് ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്.
*തൊഴിലുടമ മരണപ്പെടുന്ന സാഹചര്യത്തിൽ
*തൊഴിലാളി മരണപ്പെടുകയോ തൊഴിൽ ചെയ്യാൻ കഴിയാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യുമ്പോൾ
*തൊഴിലാളി കുറ്റകൃത്യത്തിലേർപ്പെടുകയും ശിക്ഷാവിധിക്കായി കാത്തിരിക്കുകയും ചെയ്യുമ്പോൾ
*തൊഴിൽ സ്ഥാപനം അടച്ചുപൂട്ടുകയോ സ്ഥാപനം കടക്കെണിയിലാവുകയോ ചെയ്യുമ്പോൾ
*വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ തൊഴിലാളി പരാജയപ്പെട്ടാൽ.